കോട്ടയം : പാമ്പാടി മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം വർദധിച്ചതോടെ ജനം ഭീതിയിൽ. കുറുക്കൻ, കാട്ടുപന്നി ശല്യം കഴിഞ്ഞ മൂന്നുവർഷമായി മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ പാമ്പാടി ബസ് സ്റ്റാൻഡിന് സമീപമുള്ള ന്യൂ സ്വീറ്റ് ബേക്കറിയ്ക്ക് സമീപം കുറുക്കനെ കണ്ടെത്തി. നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് കുറുക്കനെ പിടികൂടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. പാമ്പാടി എട്ടാം മൈൽ, മൊളേക്കുന്ന്, പൂതകുഴി, ചെന്നാംപള്ളി തുടങ്ങിയ മേഖലകളിലാണ് കുറുക്കന്റെ ശല്യം കൂടുതൽ. ഏറ്റവും കൂടുതൽ റബർ തോട്ടങ്ങളുള്ളത് ഈ മേഖലകളിലാണ്. പല തോട്ടങ്ങളും ടാപ്പിംഗ് നടത്താതെ കാടുപിടിച്ച് കിടക്കുകയാണ്. മുൻപ് കല്ലേപ്പുറം ഭാഗത്ത് വീട്ടമ്മയെ കുറുക്കൻ ആക്രമിച്ചിരുന്നു. കാട്ടുപന്നി ശല്യവും ഏറുകയാണ്. കൃഷികൾ നശിപ്പിക്കുന്നത് കർഷകരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. കന്നുവെട്ടി, കാട്ടാംകുന്ന്, പൊടിമറ്റം തുടങ്ങിയ മേഖലകളിലും കാട്ടുമൃഗ ശല്യമുണ്ട്. കൂടൊരുക്കി ഇവയെ കെണിയിൽ വീഴ്ത്താൻ അധികൃതർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.