കോട്ടയം : കുട്ടികളുടെ കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂളുകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ കളക്ടർ ഡോ.പി.കെ.ജയശ്രീ പുറത്തിറക്കി. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും 15 നകം കൊവിഡ് വാക്‌സിൻ സ്വീകരിച്ചെന്ന് ഉറപ്പാക്കാനാണ് മാർഗനിർദ്ദേശം പുറത്തിറക്കിയത്. വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാനും സ്‌കൂളുകളിലെ കൊവിഡ് വ്യാപനവും ക്ലസ്റ്റർ രൂപപ്പെടലും തടയാൻ സ്‌കൂൾ അധികൃതരുടെ പൂർണ സഹകരണം ആവശ്യമാണെന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. വാക്‌സിൻ നൽകുമ്പോൾ ഡോക്ടർ, പരിശീലനം സിദ്ധിച്ച നഴ്‌സുമാർ, വാക്‌സിൻ, മറ്റുപകരണങ്ങൾ എന്നിവ ആരോഗ്യവകുപ്പ് ഉറപ്പുവരുത്തും. സുരക്ഷിതമായ വാക്‌സിനുകളാണ് സർക്കാർ നൽകുന്നതെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ അതു നേരിടാനുള്ള എല്ലാ തയാറെടുപ്പുകളോടെയുമാണ് ആരോഗ്യവകുപ്പ് സംഘം സ്‌കൂളിലെത്തുന്നത്.

മാർഗനിർദേശങ്ങൾ

 12 വയസ് പൂർത്തിയായാലുടൻ കുട്ടിക്ക് വാക്‌സിൻ സ്വീകരിക്കാം. ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക.

 എല്ലാ ക്ലാസ് ടീച്ചർമാരും ജൂൺ മാസത്തെ ഹാജർ പുസ്തകത്തിൽ വാക്‌സിനേഷൻ വിവരങ്ങൾ രേഖപ്പെടുത്തണം.

 വാക്‌സിൻ നടപടികൾ 10നകം പൂർത്തിയാക്കി ഗൂഗിൾ ഫോമിൽ അപ് ലോഡ് ചെയ്യണം

 50 കുട്ടികളിലധികം വാക്‌സിൻ സ്വീകരിക്കാനുണ്ടെങ്കിൽ സ്‌കൂളിൽ ക്യാമ്പ് സംഘടിപ്പിക്കണം

 50 കുട്ടികളിൽ കുറവാണെങ്കിൽ തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിക്കണം.

വാക്‌സിനേഷൻ വിവരം രക്ഷകർത്താക്കളെ മുൻകൂട്ടി അറിയിക്കാം. രക്ഷകർത്താക്കളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമില്ല. ഏതെങ്കിലും രക്ഷകർത്താവിന് തന്റെ കുട്ടിക്ക് വാക്‌സിൻ നൽകുന്നതിൽ എതിർപ്പുണ്ടെന്നു സ്‌കൂൾ അധികൃതരെ രേഖാമൂലം അറിയിച്ചാൽ കുട്ടിയെ താത്കാലികമായി വാക്‌സിൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കും

ഡോ.പി.കെ. ജയശ്രീ, കളക്ടർ