school

കോട്ടയം. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്‌കൂളുകളിൽ പരിശോധന കർശനമാക്കി. അതത് പ്രദേശങ്ങളിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും എ.ഇ.ഒ, ഡി.ഇ.ഒമാരുടെ നേതൃത്വത്തിൽ ഓഫീസ് സ്റ്റാഫ് ഉൾപ്പെടെ പങ്കെടുത്താണ് പരിശോധന. ജില്ലയിലെ 450 സ്‌കൂളുകളിൽ ഇതുവരെ പരിശോധന പൂർത്തിയായി.

ചില വീഴ്ചകൾ കണ്ടെത്തിയ മലയോര മേഖലയിലെ ചില സ്‌കൂളുകൾക്ക് തിരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഭൂരിഭാഗം സ്‌കൂളുകളും പാചകത്തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കണമെന്ന ആവശ്യമുന്നയിച്ചു. 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നതാണ് നിലവിലെ കണക്ക്. എന്നാൽ ഇത് 150ന് ഒരാൾ എന്നാക്കണമെന്നാണ് ആവശ്യം. പച്ചക്കറികൾ അരിയുന്നത് മുതൽ ചെമ്പ് കഴുകുന്നത് വരെ ഒറ്റയ്ക്കാണ് ചെയ്യേണ്ടത്. പലപ്പോഴും ഇത് പ്രായോഗികമല്ലാത്തതിനാൽ സ്വന്തം ചെലവിൽ ഒരാളെ കൂട്ടിയാണ് പണി ചെയ്യുന്നത്.

അരിയും പരിശോധിച്ചു.

വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന അരിയിൽ കീടബാധയേൽക്കാതിരിക്കാൻ ഗോഡൗണുകളിൽ വെച്ച് എന്തെങ്കിലും ചേർക്കുന്നുണ്ടോ എന്ന സംശയം വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ ഉന്നയിച്ചു. അരിയുടേയും പയറിന്റെയും ഗുണനിലവാരവും പരിശോധിച്ചെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നും കണ്ടെത്താനായില്ല.

പരിശോധിക്കുന്നത്.

പാചകപ്പുര, പരിസരം.

കുടിവെള്ള സ്രോതസ്.

ഭക്ഷണപദാർത്ഥങ്ങൾ.

പാത്രങ്ങൾ കഴുകൽ.

മാലിന്യ സംസ്കരണം.

വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ പറയുന്നു.

''ഇതുവരെ കാര്യമായ പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടില്ല. ചില സ്‌കൂളുകളിലെ വെള്ളം പരിശോധിക്കാൻ ജല അതോറിട്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശോധന തുടരുകയാണ്.''

ആകെ സ്‌കൂളുകൾ 912.

പരിശോധിച്ചത് 450.