ശോച്യാവസ്ഥയിൽ ഏഴാച്ചേരി ഹോമിയോ ആശുപത്രി,
നടകൾ കയറിയിറങ്ങി വലഞ്ഞ് രോഗികൾ
പാലാ: കുത്തനെയുള്ള നടകൾ ഇറങ്ങിയും കയറിയും വലയുന്ന രോഗികൾ... മരുന്നുകൾ സൂക്ഷിക്കുന്ന മുറിയിലേക്ക് അടർന്നുവീഴുന്ന കുമ്മായപ്പാളികൾ... കാട്ടുവള്ളികൾ വളർന്നുനിൽക്കുന്ന സൺഷെയ്ഡ്... ഇതെല്ലാം ചേർന്നാൽ കാൽ നൂറ്റാണ്ട് തികച്ച ഏഴാച്ചേരി ഹോമിയോ ആശുപത്രിയായി. 1997 ൽ ഈ ആശുപത്രി ഉദ്ഘാടനം ചെയ്തതിൽ പിന്നെ ഒരു അറ്റുകറ്റപ്പണിയും നടന്നിട്ടില്ല.
നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമേകുന്ന ഈ ആതുരാലയം ഇന്ന് ചികിത്സ തേടുകയാണ്. പരാധീനതകളുടെ നടുവിലാണ് രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം. ഇവിടേയ്ക്ക് നല്ലൊരു വഴിപോലുമില്ല. കുത്തനെയുള്ള പതിമൂന്ന് നടകൾ ഇറങ്ങിവേണം ആശുപത്രിയിലേക്കെത്താൻ. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരും വൃദ്ധരായ രോഗികളുമൊക്കെ ഏറെ പണിപ്പെട്ടാണ് ഈ പടിക്കെട്ടുകൾ ഇറങ്ങുന്നത്. തിരിച്ചുകയറാൻ അതിലേറെ പ്രയാസം. ചുരുക്കത്തിൽ നേരിയ അസുഖവുമായി ചികിത്സ തേടിയെത്തുന്നവർക്ക് ഈ നട കയറിയിറങ്ങുന്നതോടെ അസുഖം കൂടുമെന്നുറപ്പ്. മഴക്കാലമായതോടെ മറ്റൊരു വിപത്തും ഇവിടെ മറഞ്ഞുകിടപ്പുണ്ട്. ഈ നടകളിലെല്ലാം പെട്ടെന്ന് പായൽ വളരും. തെറ്റിത്തെറിച്ച് കിടക്കുന്ന ഈ പടിക്കെട്ടുകളിലൂടെ ഇറങ്ങുന്നവർ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ മൂക്കുംകുത്തി ആശുപത്രി മുറ്റത്ത് വീഴുമെന്നുറപ്പ്. ഒരു ഡോക്ടർ ഉൾപ്പെടെ നാല് ജീവനക്കാരാണ് ഇവിടെയുള്ളത്. എല്ലാവരും വനിതകൾ. ദിവസേന 50 മുതൽ 70 വരെ രോഗികൾ ചികിത്സ തേടി എത്തുന്നുണ്ട്. അടുത്ത കാലത്തായി മരുന്നുകൾക്കും ക്ഷാമമുണ്ട്. ആശുപത്രിയുടെ മേൽക്കൂരയിൽ ഷീറ്റ് വിരിച്ചിട്ടുണ്ടെങ്കിലും ഇവിടം ആക്രിക്കടയേക്കാൾ കഷ്ടത്തിൽ പഴയ സാധനങ്ങൾ കുന്നുകൂട്ടിയിടാനുള്ള സ്ഥലമായി മാറിയിരിക്കുകയാണിപ്പോൾ.
വേണം, 25 ലക്ഷം
ആശുപത്രിയിലേക്ക് ഒരു വഴിയുണ്ടാക്കുന്നതുൾപ്പെടെ പുനരുദ്ധാരണവേലകൾക്ക് കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ഇതിനായി രാമപുരം പഞ്ചായത്ത് അധികാരികളെയും ഉഴവൂർ ബ്ലോക്ക് അധികാരികളേയും സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി വികസന സമിതി. അധികാരികൾ കനിഞ്ഞാൽ ഏത്രയുംവേഗം പുനരുദ്ധാരണ വേലകൾ ആരംഭിക്കാൻ കഴിയുമെന്ന് അഭ്യുദയകാംക്ഷികൾ കരുതുന്നു.
ഫോട്ടോ അടിക്കുറിപ്പ്
ശോച്യാവസ്ഥയിലായ ഏഴാച്ചേരി ഗവ. ഹോമിയോ ആശുപത്രി