പാലാ: കോടതി വരാന്തയിൽ മോശമായി പെരുമാറിയെന്ന അഭിഭാഷകയുടെ പരാതിയിൽ രണ്ടുപേരെ പാലാ പൊലീസ് പിടികൂടി. കുറിച്ചിത്താനം നെല്ലിക്കത്തൊട്ടിയിൽ എബിൻ വർഗ്ഗീസ് (24), മരങ്ങാട്ടുപിള്ളി കോഴിക്കൊമ്പ് നീർവെട്ടിക്കൽ ഹരികൃഷ്ണൻ (23) എന്നിവരെയാണ് പിടികൂടിയത്. ഇവർക്കെതിരെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലാണ് കേസ് എടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം. ഗൗൺ അണിഞ്ഞെത്തിയ വനിതാ അഭിഭാഷകയോട് ഇരുവരും അശ്ലീലം പറയുകയായിരുന്നു. ഇത് വനിതാ അഭിഭാഷക ചോദ്യം ചെയ്യുകയും പ്രശ്‌നത്തിൽ മറ്റ് അഭിഭാഷകർ ഇടപെടുകയും ചെയ്തു. ഇരുവരെയും അഭിഭാഷകരും മറ്റുള്ളവരും ചേർന്ന് തടഞ്ഞുവച്ചെങ്കിലും ഒരാൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇയാളെയും പിന്നീട് പിടികൂടി.
അഭിഭാഷകർ മജിസ്‌ട്രേറ്റിനെ വിവരം അറിയിച്ചതിനെ തുടർന്ന് കേസെടുക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. പാലാ സി.ഐ. കെ.പി. ടോംസൺ, എസ്.ഐ. ഷാജി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഇരുവരെയും പിടികൂടി കേസെടുത്തു.
കോടതിയിലെത്തിയ അഭിഭാഷക ക്ലാർക്കുമാർ ഉൾപ്പെടെയുള്ള മറ്റ് ചില വനിതകളോടും ഇവർ അശ്ലീലം പറഞ്ഞതായി ആക്ഷേപമുണ്ട്.
വിദ്യാർത്ഥിനികളെ അപമാനിച്ച സംഭവം; അന്വേഷണം മുറുകുന്നു
കഴിഞ്ഞ ദിവസം പാലാ ടൗണിലൂടെ നടന്ന് സ്‌കൂളിൽ പോയ വിദ്യാർത്ഥിനികളെ കയറിപ്പിടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാലായിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യർത്ഥിനികളാണ് കൈയേറ്റത്തിന് ഇരയായത്. ഇരുവരും സ്‌കൂൾ യൂണിഫോം ധരിച്ചിരുന്നു. കൈയേറ്റത്തിനിരയായ വിദ്യാർത്ഥിനികൾ ബഹളം വച്ചതോടെ ഇവരെ അപമാനിച്ച മധ്യവയസ്‌കൻ ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടികൾ പരാതിപ്പെട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് ഗൗരവമായിത്തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇന്ന് വിവിധ സി.സി.ടി.വി കാമറകൾ പരിശോധിക്കും. ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഒന്നു രണ്ടുപേർ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.