മുണ്ടക്കയം : നിറയെ കുഴികൾ, ചിതറി തെറിച്ച് മെറ്റിലുകൾ, അടിതെറ്റി വീഴുന്ന ഇരുചക്രവാഹനയാത്രക്കാർ‌ മുണ്ടക്കയം - ഇളംകാട് വാഗമൺ റോഡിന്റെ ഭാഗമായ ചപ്പാത്ത് ഭാഗത്താണ് ഈ ദുരിതം. പ്രളയത്തിന് മുൻപ് റോഡിന്റെ നിർമ്മാണം നടത്തിയെങ്കിലും കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ ഭാഗം വ്യാപകമായി തകർന്നു. റോഡിന്റെ ഒരു വശം പൂർണമായും ഇടിഞ്ഞ് താഴ്ന്ന് ചെളി നിറഞ്ഞ പ്രദേശത്ത് മണ്ണിട്ട് ഉയർത്തിയാണ് ഗതാഗത യോഗ്യമാക്കിയത്. പ്രളയത്തിന് ശേഷം ചെളിക്കുഴി മുതൽ ഇളംകാട് വരെയുള്ള ഭാഗത്ത് നിർമ്മാണം പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയെങ്കിലും ഇവിടേക്ക് ആരും തിരിഞ്ഞ് നോക്കിയില്ല. 100 മീറ്റർ ഭാഗത്ത് ഇപ്പോൾ കുഴികൾ നിറഞ്ഞ നിലയിലാണ്. മഴ ചെയ്ത് വെള്ളം നിറഞ്ഞാൽ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുരിതമാകും.

ഹൈവെ നിർമ്മാണവും നിലച്ചു
വിനോദസഞ്ചാരമേഖലയായ വാഗമണ്ണിലേക്ക് ഇളങ്കാട് വഴി വിഭാവനം ചെയ്ത ഹൈവെ നിർമ്മാണം നിലച്ച നിലയിലാണ്. ഇളംകാട് മുതൽ വാഗമണ്ണിലേക്കുള്ള റോഡിന്റെ നിർമ്മാണം നടന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടി പൂർണമായും തകർന്നിരുന്നു. ഇനി കൂടുതൽ തുക അനുവദിച്ചാൽ മാത്രമേ നിർമ്മാണം സാദ്ധ്യമാകൂ. എന്നാൽ ഇളംകാട് വരെ നല്ല റോഡ് ആയതിനാൽ ജനങ്ങളുടെ യാത്രാക്ലേശം ഒരു പരിധി വരെ കുറഞ്ഞു.