മുണ്ടക്കയം: സംസ്ഥാനത്തെ ഡോഗ് സ്‌ക്വാഡിന് പുനർ പരിശീലനം നടത്തുന്നതിന്റെ ഭാഗമായി മുണ്ടക്കയത്ത് പരിശോധന നടത്തി. കുട്ടിക്കാനത്തെ ക്യാമ്പിൽ നിന്നും ഡോഗ് സ്‌ക്വാഡിനെ വ്യാഴാഴ്ച രാവിലെ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ എത്തിച്ചു. മദ്യം, മയക്കുമരുന്ന് ഇവയുടെ സാന്നിധ്യം മനസിലാക്കാൻ കഴിവുള്ളവ ലാബ്രഡോഗ്, ജർമ്മൻ ഷെപ്പേർഡ് ഇനത്തിലുള്ള നായ്ക്കളെയാണ് എത്തിച്ചത്. തിരക്കുള്ള ടൗണുകളിൽ പരിഭ്രാന്തി ഇല്ലാതെ തിരച്ചിൽ നടത്തുന്നതിനും പുതിയ പരിശീലകർക്ക് പരിശീലനം നല്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാനത്തു വിവിധ ജില്ലകളിൽ സേവനം നടത്തുന്ന 14 സ്‌ക്വാഡ് അംഗങ്ങൾ നിലവിൽ കുട്ടിക്കാനത്തുണ്ട്. ഇവയിൽ സ്പോടകവസ്തുക്കളുടെ സാന്നിധ്യവും, ഉരുൾപൊട്ടൽ, ഭൂകമ്പം എന്നിവയിൽ പെട്ട് മണ്ണിനടിയിൽ കിടക്കുന്ന മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിയാൻ പരിശീലനം നേടിയ നായ്ക്കളും എത്തിയിരുന്നു.