പാലാ: മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനം.

സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ തന്നെയാണ് വിമർശനത്തിന് തുടക്കം കുറിച്ചത്.

സ്‌കൂൾ തുറന്ന ദിവസങ്ങളിൽ താലൂക്ക് വികസന സമിതിയോഗത്തിന്റെ അഭ്യർത്ഥന മാനിച്ച് പ്രധാന സ്‌കൂളുകൾക്ക് മുൻവശം സേവനം ലഭ്യമാക്കിയിരുന്ന പൊലീസിനെ യോഗം അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ സ്‌കൂൾ തുറക്കുന്നതിനു മുമ്പ് സ്‌കൂളുകളോട് അനുബന്ധിച്ചുള്ള റോഡുകളിലെ സീബ്രാ ലൈനുകൾ വരയ്ക്കണമെന്ന് പല തവണ താലൂക്ക് സഭകളിൽ നിർദേശം നൽകിയിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് അത് പാലിക്കാത്തതാണ് രൂക്ഷവിമർശനത്തിനിടയാക്കിയത്. യോഗത്തിൽ പങ്കെടുത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ ഒരക്ഷരം പോലും മിണ്ടാതെ തല കുമ്പിട്ടിരുന്നു. പ്രളയാനന്തരം നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും പൂർണമായും നീക്കണമെന്നും താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, തഹസിൽദാർ എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ രജനി സുധാകരൻ, അനുപമ വിശ്വനാഥ്, കെ. സി. ജെയിംസ്, രഞ്ജിത്ത് ജി. മീനാഭവൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.