പാലാ: മുണ്ടക്കയത്തു നിന്നും കൊന്നക്കാട്ടേയ്ക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കും മർദനമേറ്റു. രാമപുരത്തിന് സമീപം മരങ്ങാട്ടിൽ വച്ചാണ് രണ്ട് യുവാക്കൾ ജീവനക്കാരെ മർദ്ദിച്ചത്. കെ.എസ്.ആർ.ടി.സി. ബസ് സ്വകാര്യ ബസിന് സൈഡ് കൊടുക്കാനായി റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് ബസ്സിൽ നിന്നിറങ്ങി കണ്ടക്ടർ മാറ്റിവച്ചതാണ് പ്രകോപനത്തിന് കാരണം. കണ്ടക്ടർ പള്ളുരുത്തി ആലോത്ത് സ്വദേശി ബാദുഷയെ (41) മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഡ്രൈവർ മീനച്ചിൽ പടിഞ്ഞാറേമുറിയിൽ ബാബു തോമസിനും മർദനമേറ്റു. ബസിനുള്ളിൽ കയറിയ പ്രതികൾ കണ്ടക്ടറെ പുറത്തേയ്ക്ക്
വലിച്ചിറക്കിയാണ് ക്രൂരമായി മർദിച്ചത്. പരിക്കേറ്റ കണ്ടക്ടറെ പാലാ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ തിരുമാറാടി കൂടത്തിനാൽ സാന്റോ(30), രാമപുരം അർത്തിയിൽ അമൽ (28) എന്നിവരെ രാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5.45 നാണ് അക്രമണം നടന്നത്.