ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ കൂറ്റൻ ആഞ്ഞിലിമരം കിടന്നുനശിക്കുന്നു
ഏറ്റുമാനൂർ: എല്ലാം ഗൂഢാലോചനയുടെ ഫലം. നശിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള മരമാണ്. പക്ഷേ ആരുണ്ട് ചോദിക്കാൻ? കടപുഴകി വീഴുമെന്ന ഭീതി മൂലം നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് അഞ്ച് വർഷം മുൻപ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ കൂറ്റൻ ആഞ്ഞിലിമരം വെട്ടിയിട്ടത്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.. ലക്ഷങ്ങൾ വിലമതിക്കുന്ന തടി ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ കിടന്നു നശിക്കുകയാണ്. വനംവകുപ്പ് നിശ്ചയിക്കുന്ന വിലയ്ക്ക് ലേലം കൊള്ളാൻ കരാറുകാർ തയാറാകാത്തതാണ് തിരിച്ചടിയായത്. എന്നാൽ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമായിട്ടാണ് തടി കിടന്ന് നശിക്കുന്നതെന്ന് പരിസരവാസികൾ പറയുന്നു. കാലപ്പഴത്തിൽ തടിയുടെ വെള്ള ദ്രവിക്കുമെങ്കിലും കാതലിന് തകരാർ സംഭവിക്കുകയില്ല. ജീർണ്ണിച്ച തടിയെന്ന് മുദ്രകുത്തി കുറഞ്ഞ നിരക്കിൽ തടി കൈക്കലാക്കാനാണ് കരാറുകാരുടെ ശ്രമമെന്നും ആരോപണമുണ്ട്.
ഞങ്ങളുടെ പരാതിയെത്തുടന്ന് അഞ്ച് വർഷം മുൻപ് വെട്ടിയിട്ട മരമാണ്. ഇത്രയും കാലമായിട്ടും ലേലം നടക്കാത്തതിൽ ദുരൂഹതയുണ്ട്.
ജോമി ജോൺസി , ആനാത്തിൽ, ഏറ്റുമാനൂർ
ഫോട്ടോ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ കിടന്ന് നശിക്കുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ആഞ്ഞിലി മരം.