കുറവിലങ്ങാട്: പാരാമെഡിക്കൽ സ്ഥാപന ഡയറക്ടർ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്ന് വിദ്യാർത്ഥികളും എസ്.എഫ്.ഐ പ്രവർത്തകരും പ്രതിഷേധമാർച്ച് നടത്തി. ഇന്നലെ രാവിലെയാണ് കുറവിലങ്ങാട് വൈക്കം റോഡിലെ പാരാമെഡിക്കൽ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തിയത്. വിദ്യാർത്ഥികളോട് മോശമായ ഭാഷയിൽ സംസാരിക്കുന്നത് നിത്യ സംഭവമാണന്ന് പെൺകുട്ടികൾ അടക്കമുള്ളവർ പറയുന്നു. വ്യാഴാഴ്ചയാണ് സ്ഥാപന ഡയറക്ടർക്കെതിരെ പെൺകുട്ടികൾ ഉൾപ്പടെ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകിയത്. കുറവിലങ്ങാട് പോലീസിന്റെ നേതൃത്വത്തിൽ മാർച്ച് സ്ഥാപനത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. രക്ഷകർത്താക്കളുമായി മാനേജ്മെന്റ് ചർച്ച നടത്തിയതിന് ശേഷമേ ക്ലാസിൽ പ്രവേശിക്കുകയുള്ളുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.