മുണ്ടക്കയം ഈസ്റ്റ്: ആശുപത്രി സേവനങ്ങൾ വീട്ടിലെത്തിക്കുന്ന ഹോം കെയർ പ്രൊജക്ടിന് മുണ്ടക്കയം എം.എം.ടി ആശുപത്രിയിൽ തുടക്കമായി. ഗ്ലെൻറോക്ക് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയാണ് മൈക്കിൾസ് കെയർ പ്രൊജക്ട് നടപ്പിലാക്കുന്നത്.
മൈക്കിൾസ് കെയർ വാഹനങ്ങളുടെ വെഞ്ചിരിപ്പും ഫ്ലാഗ് ഓഫും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു. മൈക്കിൾ എ. കള്ളിവയലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രായമായ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ചികിത്സ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ മൈക്കിൾസ് കെയർ പ്രൊജക്ട് നടപ്പിലാക്കുന്നത്. രോഗികൾക്ക് ലാബ് സേവനങ്ങൾ, നഴ്സിംഗ് കെയർ, ഫിസിയോതെറാപ്പി മരുന്നുകളുടെ വിതരണം, ആംബുലൻസ് സൗകര്യം, ആവശ്യമായ സമയങ്ങളിൽ ഡോക്ടറുടെ സേവനം തുടങ്ങിയവ പദ്ധതി വഴി നടപ്പിലാക്കും. മുണ്ടക്കയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ സേവനം ലഭ്യമാണ്.
മൈക്കിൾസ് കെയർ വാഹനങ്ങളുടെ കൈമാറ്റം ഗ്ലെൻറോക്ക് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ജോസഫ് എം. കള്ളിവയലിൽ നിർവഹിച്ചു. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ, എം.എം.ടി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, ഹോസ്പിറ്റൽ അസി.ഡയറക്ടർ ഫാ. സിജു ഞള്ളിമാക്കൽ എന്നിവർ പ്രസംഗിച്ചു. പി.ആർ.ഒ അരുൺ ആണ്ടൂർ, സിസ്റ്റർ ലിഡിയ, കള്ളിവയലിൽ ഗ്രൂപ്പ് മാനേജർ വിപിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.