തലയോലപ്പറമ്പ് : ഇന്ധനം ചോർന്നതിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ എൻജ്ജിൻ ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ ഉടൻ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നീർപ്പാറ ബ്രഹ്മമംഗലം റോഡിലാണ് മാരുതി കാറിന് തീപിടിച്ചത്. പുകയും തീയും ഉയരുന്നത് കണ്ട് ഡ്രൈവർ ബ്രഹ്മമംഗലം കടുവാമൻസിലിൽ ചാക്കോ (55) ഉടൻ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങലിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാർ പൂർണമായും കത്തിനശിച്ചു.