
കോട്ടയം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോട്ടയം പട്ടണത്തിൽ നടന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.
തന്റെ പ്രജകളെ ഇത്രത്തോളം ഭയപ്പെടുന്ന മറ്റൊരു ഭരണാധികാരിയെ ലോകത്തൊരിടത്തും കാണാനാവില്ല.
ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ വാതിൽപോലും അടച്ചിട്ടു. മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യവും മൗലികാവകാശവും തടഞ്ഞ് പൊലീസ് അഴിഞ്ഞാട്ടം നടത്തി. തടഞ്ഞ് വച്ച് നിസഹായരായ ആളുകളെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. കെ.കെ റോഡ് അടക്കം നഗരത്തിലെ റോഡുകളെല്ലാം ബാരിക്കേഡ് ഉപയോഗിച്ച് കെട്ടിയടച്ചതും ജനങ്ങളെ പലയിടത്തും വഴിയിൽ തടഞ്ഞിട്ടതും സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. നാട്ടകം ഗസ്റ്റ് ഹൗസ് മുതൽ മാമ്മൻമാപ്പിള ഹാൾ വരെയുള്ള ഭാഗത്ത് റോഡിലൂടെ ഒരാളെ പോലും കടത്തിവിട്ടില്ല. ജോലിയ്ക്കും ആശുപത്രിയിലേയ്ക്കും പോകാനെത്തിയവരെ പോലും പൊലീസുകാർ ആട്ടിയോടിക്കുകയായിരുന്നു. സമയത്ത് ജോലിസ്ഥലത്ത് എത്താൻ പോലുമാവാതെ നൂറുകണക്കിന് ആളുകളാണ് കോട്ടയം നഗരത്തിൽ വലഞ്ഞത്. ഒരു മുഖ്യമന്ത്രിയ്ക്കു പോകാൻ വേണ്ടി കെ.കെ റോഡ് ബാരിക്കേഡ് കെട്ടി അടച്ച് നാണക്കേടിന്റെ പുതിയ ചരിത്രം തീർത്തു. പ്രധാനമന്ത്രിയ്ക്കു പോലും ഒരുക്കാത്ത സുരക്ഷയാണ് പൊലീസ് മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയത്.