ഡോക്ടർമാരെ സ്ഥലം മാറ്റിയതിൽ വ്യാപക പ്രതിഷേധം

പാലാ: പാലാ ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടർമാരെ സ്ഥലം മാറ്റിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തിര നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമാകുന്നു. ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ

കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രി കവാടത്തിൽ 'അത്യാസന്ന ധർണ ' നടത്തി. ഡോക്ടർമാരെ സ്ഥലം മാറ്റിയത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.ആശുപത്രിയുടെ പുതിയ കാഷ്വാലിറ്റിയിൽ വാഹനം വരുന്നതിനും പോകുന്നതിനും അനുയോജ്യമായ നടപടികൾ സ്വീകരിക്കുക, വിവിധ വിഭാഗങ്ങളിൽ അടിയന്തിരമായി ഡോക്ടർമാരെ നിയമിക്കുക, പോസ്റ്റുമോർട്ടം നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജനറൽ ആശുപത്രിയിൽ നിന്നും ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് സംബന്ധിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ് സമരവുമായി കോൺഗ്രസ് രംഗത്തുവന്നത്. മണ്ഡലം പ്രസിഡന്റ് തോമസ് ആർ. വി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ധർണ ഉദ്ഘാടനം ചെയ്തു. ഷോജി ഗോപി, പ്രിൻസ് വി സി ,പി.ജെ ജോസഫ് പുളിക്കൻ, തോമസുകുട്ടി മുകാല, അജയ് നെടുമ്പാറയിൽ, ജോയിമഠം, അർജുൻ സാബു,വേണു ചാമക്കാല, ബിജു തോമസ്,ജിമ്മി തുടങ്ങിയവർ പ്രസംഗിച്ചു

ഡോക്ടറെ തിരികെ നിയമിക്കും

പാലാ: ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ അപേക്ഷ പരിഗണിച്ചു കൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവുപ്രകാരം കോട്ടയത്തേക്ക് മാറ്റിയ നേത്രചികിത്സാ വിഭാഗം കൺസൾട്ടന്റിനെ തിരികെ നിയമിക്കാമെന്ന് കോട്ടയം ഡി.എം.ഒ അറിയിച്ചതായി നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര വ്യക്തമാക്കി. ഡോക്ടർമാരുടെ താത്പര്യം സംരക്ഷിച്ചുള്ള സ്ഥലം മാറ്റം അംഗീകരിക്കാനാവില്ല എന്ന് നേരിട്ട് അറിയിച്ചതായി ചെയർമാൻ പറഞ്ഞു.

ഫോട്ടോ
പാലാ ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റി നടത്തിയ ധർണ്ണ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്യുന്നു.