മുണ്ടക്കയം: പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങൾക്കും മലയോരകർഷകർക്കും പട്ടയം അനുവദിക്കുന്നതിനായി അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് പട്ടയാവകാശ പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു. സർക്കാർ 2019 ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലയിൽ ഉപാധിരഹിത പട്ടയം ലഭിക്കും. ഇതിനെ തുടർന്ന് പ്രക്ഷോഭ സമിതി നടത്തിയ സമരങ്ങളുടെ ഫലമായി കാഞ്ഞിരപ്പള്ളി താലൂക്കിൽ ഏഴായിരത്തോളം അപേക്ഷകൾ താലൂക്ക് ഓഫീസ് സ്വീകരിച്ചു. ഇതിൽ സർവെ നടപടികൾ ആരംഭിച്ചിട്ടില്ല. ഔദ്യോഗികമായി സ്വീകരിച്ച പട്ടയഅപേക്ഷകളാണ് താലൂക്ക് ഓഫീസിൽ കെട്ടിക്കിടക്കുന്നത്. സർവെ നടത്താൻ ഉദ്യോഗസ്ഥരില്ല എന്ന കാരണം പറഞ്ഞ് കർഷകരുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് സമിതി നേതാക്കൾ ആരോപിച്ചു.
സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രക്ഷോഭ സമിതി ചെയർമാൻ പി.ഡി. ജോൺ, കൺവീനർ പി.കെ. സജീവ് എന്നിവർ പറഞ്ഞു.