kn-balagopal

കോട്ടയം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ്പ് ആരോഗ്യസുരക്ഷാ പദ്ധതി ജൂലായ് ഒന്നിന് തന്നെ നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരുടെ ആരോഗ്യ കാര്യത്തിൽ അടക്കം കൃത്യമായ ഇടപെടൽ സർക്കാർ നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാര്യങ്ങൾ ഇതിന് തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ നാസർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എ.വി.റസൽ, ഡോ.എസ്.ആർ മോഹനചന്ദ്രൻ, പി.വി ജിൻരാജ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി യു.സലിൽ നന്ദിയും പറഞ്ഞു.