കൊല്ലപ്പള്ളി: വീടിന്റെ കതക് തകർത്ത് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കൊല്ലപ്പള്ളി കവല വഴിമുക്കിനു സമീപം താമസിക്കുന്ന കണ്ടത്തിൽ പുത്തൻപുരയിൽ ഗോപരാജിന്റെ വിട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. വീടിന്റെ പിൻവശത്തെ കതക് തകർത്ത മോഷ്ടാവ് വീടിനുള്ളിൽ കടന്ന് ഗോപരാജിന്റെ മക്കളുടെ കഴുത്തിൽ കിടന്ന 10 ഗ്രാം തൂക്കം വരുന്ന സ്വർണ മാല അപഹരിച്ചു. വീട്ടുകാർ ബഹളം വച്ചപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപെടുകയായിരുന്നു. സംഭവമറിഞ്ഞ് രാത്രി തന്നെ മേലുകാവ് പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. കൊല്ലപ്പള്ളി ടൗണിലെ സ്വർണക്കട വ്യാപാരിയാണ് ഗോപിരാജ്. സമീപത്തെ മൂന്നു വീടുകളിലും മോഷണശ്രമമുണ്ടായി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.