വൈക്കം : പുല്ലും പായലും വളർന്ന് തിങ്ങി മാലിന്യങ്ങൾ അടിഞ്ഞ് നീരൊഴുക്ക് നിലച്ച ജലാശയം വെച്ചൂർ പഞ്ചായത്ത് മൂന്നാം വാർഡ് നിവാസികൾക്ക് ദുരിതമാകുന്നു. കൊടുതുരുത്ത് - നാണുപറമ്പ് തോട് മാലിന്യവാഹിനിയായതോടെ പ്രദേശം രോഗഭീതിയിൽ. കൊടുതുരുത്ത് പാലത്തിന് കിഴക്കുഭാഗത്ത് ഒഴുക്ക് തടസപ്പെടുത്തുന്ന തരത്തിൽ തോട് നികന്നു കിടക്കുകയാണ്. എട്ടു മീറ്റർ വീതിയുള്ള തോടിന് കുറകെ സ്ഥാപിച്ചിരുന്ന താത്കാലിക മുട്ട് പൂർണമായി പൊളിച്ചു നീക്കാത്തതിനാൽ വീതി മൂന്നു മീറ്ററായി കുറഞ്ഞു. തോട് ആഴം കൂട്ടി ശുചീകരിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയർത്തിയിട്ടും ഇറിഗേഷൻ അധികൃതർ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
ഇതിനകം മൂന്നാം വാർഡിൽ കാൻസർ ബാധിച്ച് അഞ്ച്‌പേർ മരിച്ചു. നിർദ്ധന കുടുംബാംഗങ്ങളായ 11പേർ കാൻസർ ബാധിതരായി ചികിത്സയിലാണ്. വാർഡിലെ കൂടുതൽ പേരിൽ പരിശോധന നടത്തിയാൽ രോഗബാധിതരുടെ എണ്ണമേറുമെന്ന ആശങ്കയാണ്. കൊടുതുരുത്ത് നാണുപറമ്പ് തോടു ഒഴുകിയെത്തുന്നത് കെ.വി കനാലിലും വേമ്പനാട്ടുകായലിലുമാണ്. മൂന്നര കിലോമീറ്റർ ദൂരം വരുന്ന കൊടുതുരുത്ത് നാണുപറമ്പ് തോട് കനത്തതോതിൽ പുല്ലുംപോള പായലും നിറഞ്ഞ് പല സ്ഥലങ്ങളിലും തോട്ടിലെ പുൽക്കെട്ടിന് മീതെ നടന്നുപോകാവുന്ന തരത്തിലാണ്. ഇപ്പോൾ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ ഒരു പാലവുമുണ്ട്.
കെട്ടിക്കിടക്കുന്നത് രാസവള മാലിന്യം
വെച്ചൂരിലെ 32 പാടശേഖരങ്ങളിലായി 3500 ഏക്കറിലാണ് നെൽക്കൃഷി നടക്കുന്നത്. ഇതിൽ നല്ലൊരു പങ്ക് പാടശേഖരങ്ങളിലെ കൃഷിയിടത്തിൽ നിന്ന് പുറന്തള്ളുന്ന രാസവള, കീടനാശിനി എന്നിവ കലർന്ന മാലിന്യം തോട്ടിൽ കെട്ടി നിൽക്കുകയാണ്. ഇതിന് പുറമെ കക്കൂസ് മാലിന്യവും രാത്രിയുടെ മറവിൽ തള്ളുന്നു. മാലിന്യം നിറഞ്ഞതോട്ടിലെ ജലം ഉൾപ്രദേശത്തെ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്ന ചെറുതോടുകളിലാണ് കലരുന്നത്. വെച്ചൂരിലെ കരിനിലങ്ങളുടെ ഓരത്ത് താമസിക്കുന്നവർക്ക് കുളങ്ങളും കിണറുകളും ഉപയോഗിക്കാനാകാത്തതിനാൽ വീടുകൾക്ക് സമീപത്തുകൂടി ഒഴുകുന്ന തോടുകളിലെ വെള്ളമാണ് പാത്രം കഴുകാനും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നത്.
കൊടുതുരുത്ത് തോട്ടിലെ മലിന ജലം ചെറുതോടുകളിലൂടെ ഒഴുകി ജനവാസമേഖലയിൽ എത്തിയതോടെ പ്രദേശവാസികൾ മാറാരോഗികളായി തീർന്നിരിക്കുകയാണ്. കാർഷികമേഖലയുടെ വികസനത്തിനും ജനങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പ് വരുത്തുന്നതിനും തോട് ആഴം കൂട്ടി ശുചീകരിക്കണം
സതീശൻ, പ്രദേശവാസി