പാമ്പാടി : പാമ്പാടി കാട്ടിൽപ്പടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പാമ്പാടി കുറ്റിക്കൽ ഐക്കരമറ്റത്തിൽ ജേക്കബ് റോയിയുടെ ഉടമസ്ഥതയിലുള്ള ഹോണ്ടാ സിറ്റി കാറാണ് കത്തിനശിച്ചത്. വാഹനം വർക്ക് ഷോപ്പിൽ നന്നാക്കുന്നതിനായി നൽകിയിരിക്കുകയായിരുന്നു. ജേക്കബ് വിദേശത്തായതിനാൽ സഹായി രാഹുലിനോട് വാഹനം എടുക്കാൻ നിർദ്ദേശിച്ചു. രാഹുലും സുഹൃത്ത് ജെഫിനും വാഹനം എടുത്ത് മടങ്ങി വരവെ പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാർ വാഹനം നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം പൂർണമായും കത്തി. സമീപത്തുള്ളവർ ചേർന്ന് തീഅണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് പാമ്പാടി അഗ്നിശമനസേനാ യൂണിറ്റ് അംഗങ്ങൾ എത്തി ബാറ്ററിയുടെ കണക്ഷൻ വിച്ഛേദിച്ച് തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് സേനാംഗങ്ങൾ പറഞ്ഞു. എ.എസ്.ടി.ഒ സുരേഷ് കുമാർ, ഗ്രേഡ് എ.എസ്.ടി.ഒ ഹക്കീം, ഫയർ ഓഫീസർമാരായ അഭിജിത്ത്, ബിൻകുമാർ, ബിൻരാജ്, വിനീത്, ഹനീഷ് കുമാർ, നന്ദു, എഫ്.ആർ.ഒ.ഡി ജിജി എന്നിവർ നേതൃത്വം നൽകി.