
കോട്ടയം. നവീകരണം പൂർത്തിയായതിനെ തുടർന്ന് കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലൂടെയും ട്രെയിൻ ഓടിത്തുടങ്ങി. ഇന്നലെ പുലർച്ചെ ആറിന് എറണാകുളം ഭാഗത്തേക്കുള്ള ചരക്കുവണ്ടിയാണ് ആദ്യം പോയത്. പിന്നാലെ ആറരയ്ക്കുള്ള കൊല്ലം-എറണാകുളം മെമുവും എത്തി. ഇതോടെ ട്രെയിൻ യാത്രയ്ക്ക് കോട്ടയം സ്‌റ്റേഷനിലുണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം നീങ്ങി. ഒന്നാംപ്ലാറ്റ്‌ഫോം അടച്ചിട്ടതിനാൽ ഇരട്ടപ്പാത നിർമാണം പൂർത്തിയായതിന്റെ പ്രയോജനം യാത്രക്കാർക്ക് ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രിയോടെ ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നു. പ്ലാറ്റ്‌ഫോമിന്റെ തറ സ്ലാബിട്ട് സഞ്ചാരയോഗ്യമാക്കി. കോൺക്രീറ്റിംഗ്, ടൈൽ പാകൽ എന്നിവ അവശേഷിക്കുന്നു.
പാത ഇരട്ടിപ്പിക്കലിന്റെയും സ്‌റ്റേഷൻ നവീകരണത്തിന്റെയും ഭാഗമായാണ് ഒന്നാം നമ്പർ പ്ളാറ്റ്‌ഫോം നവീകരിച്ചത്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് മുറിച്ചു മാറ്റിയ 100 മീറ്ററിനു പകരം പുതിയതു സ്ഥാപിച്ചു. എറണാകുളം ഭാഗത്തേയ്ക്ക് മൂന്നു മീറ്റർ ഉയർത്തുകയും ചെയ്തു. ഇനി ട്രെയിനുകളുടെ സമയത്തിൽ ഉൾപ്പെടെ മാറ്റമുണ്ടാകും. ഒന്ന് എ പ്ലാറ്റ്‌ഫോമിന്റെ നവീകരണം ഉടൻ ആരംഭിക്കും.
ചരക്കുവണ്ടികൾക്ക് ആറാം നമ്പർ .
ഒന്നു മുതൽ അഞ്ചു വരെ പ്ലാറ്റ്‌ഫോമുകൾ ദീർഘദൂര ട്രെയിനുകൾക്കായിരിക്കും. ആറാം നമ്പർ ചരക്കുവണ്ടികൾക്കാണ്. ഒന്ന് എ കോട്ടയം- എറണാകുളം പാസഞ്ചർ വണ്ടികൾക്കും.
ഒരു മേൽപ്പാലം കൂടി വരും.
സ്‌റ്റേഷന്റെ രണ്ടാം കവാടത്തിന്റെ പ്രാഥമിക ജോലികൾ പൂർത്തിയായി. പാർക്കിംഗ്, ടിക്കറ്റ് കൗണ്ടർ, വിശ്രമമുറി എന്നിവയ്ക്കായുള്ള രൂപരേഖ തയാറാക്കി. ഇവയുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും. ഡിസംബർ അവസാനത്തോടെ രണ്ടാം കവാടവും തുറന്നുനൽകാൻ കഴിയും. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചാണ് നിലവിൽ മേൽപ്പാലമുള്ളത്. നാല്, അഞ്ച് പ്ലാറ്റ്‌ഫോമുകളെക്കൂടി ബന്ധിപ്പിക്കുന്ന രീതിയിൽ ഒരു മേൽപ്പാലം കൂടി വരും. ഡിസംബറിന് ശേഷമേ ഇതിന്റെ നിർമാണമുണ്ടാവൂ.