കോട്ടയം : ഡി.സി.സി ജനറൽ സെക്രട്ടറിമാർ കഴിഞ്ഞദിവസം കൊടുങ്ങൂരിൽ ഏറ്റുമുട്ടിയതിന് പിന്നാലെ നെടുംകുന്നത്ത് കോൺഗ്രസ് -ഐ.എൻ.ടി.യു.സി നേതാക്കൾ തമ്മിലടിച്ചു. കൊടുങ്ങൂരിൽ ഡി.സി.സി ജനറൽ സെക്രട്ടറമാരായ ടി.കെ.സുരേഷ് കുമാറും, ഷിൻസ് പീറ്ററും തമ്മിലായിരുന്ന കൈയ്യാങ്കളി. പ്രസിഡന്റ് നാട്ടകം സുരേഷ് പങ്കെടുത്ത പരിപാടി കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ഉന്തും തള്ളിലും കലാശിച്ചത്. ഇതോടെ അവിടെയുണ്ടായിരുന്ന നേതാക്കളും രണ്ട് ചേരിയിലായി.
ഇതിന് പിന്നാലെയാണ് നെടുംകുന്നത്തെ ഓട്ടോ സ്റ്റാൻഡിന് സമീപം ബ്ലോക്ക് പ്രസിഡന്റ് ജോ പായിക്കാടനും, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിൽ നടുറോഡിൽ കൈവച്ചത്. തിങ്കളാഴ്ച വൈകിട്ട് നെടുംകുന്നം കോൺഗ്രസ് ഓഫീസിൽ യു.ഡി.എഫ് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് അടിപിടി. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള വനിതാ ജനപ്രതിനിധികളും, സ്ത്രീകളടക്കമുള്ള യു.ഡി.എഫ് നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. അടി രൂക്ഷമായതോടെ നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. പരാതി നൽകാൻ ആരും തയ്യാറായിട്ടില്ല.