കോട്ടയം : കുറഞ്ഞ ചെലവിൽ ഏകദിന ഉല്ലാസ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കോട്ടയം ഡിപ്പോയിൽ നിന്ന് നിരവധി സ്ഥലങ്ങളിലേക്കാണ് ഉല്ലാസ യാത്ര ക്രമീകരിച്ചിരിക്കുന്നത്. നവംബറിലാണ് ജില്ലയിൽ പദ്ധതിയ്ക്ക് തുടക്കമായത്. മലക്കപ്പാറയായിരുന്നു ആദ്യ സർവീസ്. 17 ട്രിപ്പുകളാണ് ഇതുവരെ നടത്തിയത്. അഞ്ച് ലക്ഷം രൂപ വരുമാനമായി ലഭിച്ചു. യാത്രയ്ക്കാരുടെ എണ്ണത്തിന് അനുസരിച്ചാണ് ട്രിപ്പ് നടത്തുന്നത്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും മറ്റു യാത്രാ ചെലവുകളും യാത്രക്കാർ സ്വയം വഹിക്കണം. മലക്കപ്പാറ, ഭൂതത്താൻ കെട്ട്, തട്ടേക്കാട്, പൂയംകുട്ടി, ഇഞ്ചത്തൊട്ടി, മൺറോതുരുത്ത് സാംബ്രാണിക്കൊടി, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സർവീസ്. മൺറോതുരുത്ത് സാംബ്രാണിക്കൊടി ബോട്ടിംഗ്, കനോയിംഗ് ഉൾപ്പെടെ 825 രൂപയാണ് നിരക്ക്. രാവിലെ 6 ന് പുറപ്പെട്ട് രാത്രി 9 ന് മടങ്ങിയെത്തും. മലക്കപ്പാറയ്ക്ക് 600 രൂപ. രാവിലെ 6 ന് പുറപ്പെട്ട് രാത്രി 11 ന് തിരിച്ചെത്തും. ഭൂതത്താൻകെട്ട് ഇഞ്ചത്തൊട്ടി കാനനയാത്ര 850 രൂപയാണ് നിരക്ക്. രാവിലെ 7.30ന് പുറപ്പെട്ട് രാത്രി 8ന് മടക്കം. ജൂലായ് മൂന്നിന് മൂന്നാറിലേക്ക് ഉല്ലാസ യാത്ര ക്രമീകരിച്ചിട്ടുണ്ട്. ഫ്ലവർ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ, ടി മ്യൂസിയം, ഫോട്ടോ പോയിന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. മൂന്നിന് രാവിലെ 5.30 ന് പുറപ്പെട്ട് രാത്രി 10 ന് തിരികെ എത്തുന്ന രീതിയിലാണ് യാത്ര. 900 രൂപയാണ് നിരക്ക്. ഫോൺ : 9495876723, 8547832580, 8547564093.