
ഏറ്റുമാനൂർ. മലയാളസിനിമയിലെ ഹാസ്യസാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന എസ്.പി പിള്ള വിടപറഞ്ഞിട്ട് 38 വർഷം. 1985 ജൂൺ 12നാണ് അദ്ദേഹം മൺമറഞ്ഞത്. എന്നാൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയിൽ 'കലാനിലയം' എന്ന വീട്ടിൽ മാത്രമായി അദ്ദേഹത്തിന്റെ ഓർമ്മദിവസം ഒതുങ്ങി. മകൻ സതീഷ് ചന്ദ്രനും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
അയൽവാസിയും സാംസ്‌കാരിക പ്രവർത്തകനുമായ ഏറ്റുമാനൂർ ശിവപ്രസാദിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും എസ്.പി ആശാനെ അനുസ്മരിക്കുന്നതിന് സമ്മേളനം നടത്തുമായിരുന്നു. അനാരോഗ്യം മൂലം അദ്ദേഹത്തിനും ഇക്കുറി മുൻകൈയെടുക്കാനായില്ല.
രാമുകാര്യാട്ടിന്റെ 'ചെമ്മീനി'ൽ മുക്കുവതുറയിലെ അരയനായ അച്ചൻകുഞ്ഞായുള്ള എസ്.പി.പിള്ളയുടെ പകർന്നാട്ടം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഉദയായുടെ വടക്കൻപാട്ട് സിനിമകളിൽ തച്ചോളി തറവാട്ടിലെ വീരഗാഥകൾ പാടിനടക്കുന്ന പാണനായിട്ടും അദ്ദേഹം തിളങ്ങി. 'പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം പൂ പോലഴകുള്ളോരായിരുന്നു ' എന്ന് ഉടുക്കുകൊട്ടി പാടി ഊരുചുറ്റുന്ന പാണനെ 'ആരോമലുണ്ണി 'എന്ന സിനിമ കണ്ടവരാരും മറക്കില്ല .
'കേളെടി നിന്നെ ഞാൻ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടു കൊണ്ടാറാട്ട് (ഡോക്ടർ ), 'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി (നായര് പിടിച്ച പുലിവാൽ), 'മാനത്തേക്ക് പറക്കും ഞാൻ (കറുത്ത രാത്രികൾ), 'കണ്ടം വെച്ചൊരു കോട്ടാണ് ഇത് പണ്ടേ കിട്ടിയ കോട്ടാണ് (കണ്ടം വെച്ച കോട്ട് ) തുടങ്ങിയ ഹാസ്യഗാനങ്ങളെല്ലാം എസ്.പി.പിള്ള തിരശ്ശീലയിൽ അനശ്വരമാക്കി.
ഭൂതരായർ 'എന്ന ചലച്ചിത്രത്തിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചതെങ്കിലും ആ ചലച്ചിത്രം പുറത്തുവന്നില്ല. 1950ൽ റിലീസ് ചെയ്ത 'നല്ലതങ്ക'യാണ് തിയേറ്ററുകളിലെത്തിയ ആദ്യ ചിത്രം. ഭക്ത കുചേലയിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരം നേടി.
മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച എസ്.പി.പിള്ള ഏറ്റുമാനൂരപ്പന്റെ പരമ ഭക്തനായിരുന്നു. ഏറ്റുമാനൂരപ്പന്റെ മൂലവിഗ്രഹം മോഷ്ടിക്കപ്പെട്ടപ്പോൾ വിഗ്രഹം വീണ്ടെടുക്കുന്നതിന് നടത്തിയ ജനകീയ സമരത്തിന്റെ മുന്നണിപ്പാേരാളിയായിരുന്നു അദ്ദേഹം.