പാലാ : രക്തദാനം സമൂഹത്തോടുള്ള വലിയ കരുതലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി പറഞ്ഞു. ലോകരക്തദാതാ ദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജിൽ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എൻ.എസ്.എസ് യൂണിറ്റിന്റേയും നേതൃത്വത്തിൽ നടത്തിയ ജില്ലാതല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് അദ്ധ്യക്ഷത വഹിച്ചു. മെഗാ രക്തദാന ക്യാമ്പ് പാലാ എ.എസ്.പി പി നിധിൻരാജ് രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിന്റെ നൂറ്റിപ്പതിനഞ്ചാമത് രക്തദാനവും നടന്നു. പാലാ കിസ്‌കോ മരിയൻ ബ്ലഡ്ബാങ്കും ഭരണങ്ങാനം ഐ.എച്ച്.എം ബ്ലഡ് ബാങ്കുമാണ് രക്തം സ്വീകരിച്ചത്.
സമ്മേളനത്തോടനുബന്ധിച്ച് കൊവിഡ് കാലത്ത് രക്തദാന രംഗത്ത് സംഭാവനകൾ നൽകിയ സംഘടനകളെ ആദരിച്ചു. സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അജയ് മോഹൻ, കോളേജ് പ്രിൻസിപ്പൽ ഡോ.ജെയിംസ് ജോൺ മംഗലത്ത്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, മുനിസിപ്പാലിറ്റി ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ, ഡോ.പി.ഡി.ജോർജ് എന്നിവർ സംസാരിച്ചു.