കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചു
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചു. വല്ലപ്പോഴും മാത്രം തുറന്നു പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷൻ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞു കവിഞ്ഞ് മലിനജലം സ്റ്റാൻഡിലൂടെ ഒഴുകി തുടങ്ങിയതോടെയാണ് കഴിഞ്ഞദിവസം കംഫർട്ട് സ്റ്റേഷൻ അടച്ചത്. ലക്ഷങ്ങൾ മുടക്കി 25 വർഷത്തേക്ക് ബി.ഒ.ടി അടിസ്ഥാനത്തിലാണ് കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ദിനംപ്രതി മുന്നൂറിലേറെ ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന സ്റ്റാൻഡാണിത്. ബസ് വരാൻ ഏറെനേരം കാത്തിരിക്കുന്ന ഇവർക്ക് പ്രാഥമികാവശ്യങ്ങൾക്ക് മറ്റ് മാർഗമില്ല. ബസ് ജീവനക്കാരുടെ സ്ഥിതിയും ഇതുതന്നെ. മഴക്കാലത്താണ് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നത്. അതിനു കാരണം സമീപത്തള്ള ഉറവയാണ്. അതുകൊണ്ട് മഴക്കാലം കഴിയാതെ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ സാധ്യതയില്ല. ഉറവയുള്ളതിനാൽ ഇവിടെ പുതിയ കുഴിയെടുക്കുന്ന കാര്യം അസാധ്യമാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വേണ്ടത് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്
പ്രശ്‌നപരിഹാരത്തിനായി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ നേരത്തെ തീരുമാനിച്ചതാണ്. ധനകാര്യ കമ്മീഷനും ശുചിത്വമിഷനും ഇതിന് ഫണ്ട് അനുവദിച്ചതുമാണ്. ചെന്നൈ ആസ്ഥാനമായ ഇക്കോടെക്ക് എന്ന് ഏജൻസിയാണ് പദ്ധതി തയാറാക്കിയത്. ഈ ഏജൻസിക്ക് ശുചിത്വമിഷന്റെ അംഗീകാരമില്ലാതതതാണ് നിർമ്മാണം തുടങ്ങാൻ തടസമായത്. അംഗീകാരമുള്ള മറ്റൊരു ഏജൻസിയെ കണ്ടെത്തി എത്രയും വേഗം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു
ചിത്രം-മലിനജലമൊഴുകുന്ന കഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ .