കോട്ടയം: കശാപ്പിനായി സൂക്ഷിച്ചിരുന്ന കാളകൾ മോഷണം പോയതായി പരാതി. ഗാന്ധിനഗർ പൊന്നൂസ് മീറ്റ് സ്റ്റാൾ ഉടമ കാഞ്ഞിരക്കാട്ട് വീട്ടിൽ കെ.വി വർഗീസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കാളകളെയാണ് കാണാതായത്. ചൊവ്വാഴ്ച്ച രാത്രി പത്തോടെയാണ് സംഭവം. മീറ്റ് സ്റ്റാളിൽ ഒരാഴ്ച മുൻപാണ് ഹൈദരാബാദിൽ നിന്നും കാളകളെ കശാപ്പിനായി എത്തിച്ചത്. സ്റ്റാളിന് സമീപം ചുറ്റുമതിലും പൂട്ടുമുള്ള പറമ്പിലാണ് കാളകളെ കെട്ടിയിരുന്നത്. രാവിലെ കടയിലെ ജീവനക്കാർ കാളകളെ പതിവുപോലെ അഴിക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തെ തുടർന്ന് വർഗീസ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ചുറ്റു മതിലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയ നിലയിലാണ്.