കോട്ടയം: ട്രസ്റ്റ് രൂപീകരിച്ച് പിരിവു നടത്തിയെന്ന പരാതിയിൽ മുണ്ടക്കയം സ്വദേശിയെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. തിരുനക്കരയിൽ പ്രവർത്തിക്കുന്ന അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ പരാതിയിലാണ് നടപടി. എ.ജെ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിലാണ് മുണ്ടക്കയം സ്വദേശി അജയ് ഉത്തമൻ പിരിവ് നടത്തിയത്. തുടർന്നാണ് അജയ് ട്രസ്റ്റ് ഭാരവാഹികൾ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അജയിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരേപേരിലുള്ള ട്രസ്റ്റുണ്ടായിരുന്നതായി അറിവില്ലായിരുന്നെന്നും തട്ടിപ്പ് ആവർത്തിക്കില്ലെന്നും പൊലീസ് എഴുതി വാങ്ങിയതിനുശേഷം ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചതായി വെസ്റ്റ് എസ്.ഐ ശ്രീജിത്ത് പറഞ്ഞു.