മുണ്ടക്കയം: ട്രൈബല്‍ വകുപ്പിൽ നിന്നും വായ്പ നല്‍കാമെന്നു പറഞ്ഞു നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ മുണ്ടക്കയം അമരാവതി സ്വദേശിനി കുന്നുംപുറത്ത് റാണി ജേക്കബ്(40) നെതിരെ കേസെടുത്തായി മുണ്ടക്കയം എസ്.എച്ച്.ഒ എ.ഷൈന്‍കുമാര്‍ അറിയിച്ചു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പുകള്‍ സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തതായും സി.ഐ അറിയിച്ചു.
പുലികുന്ന് സ്വദേശികളായ ആശ, മേഴ്‌സി മാത്യു എന്നിവരടക്കം ആറോളം വീട്ടമ്മമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകഥകള്‍ പുറത്തുവന്നത്. പതിനായിരം മുതല്‍ പതിനഞ്ചു ലക്ഷങ്ങള്‍ വരെ വായ്പ നല്‍കാമെന്നു പറഞ്ഞാണ് ഇവര്‍ ആളുകളെ സമീപിക്കുന്നത്. ഇവര്‍ക്ക് ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും മൂന്നുകോടിയോളം രൂപ വായ്പ അനുവദിച്ചിട്ടുണ്ടന്നും അതാണ് ആളുകള്‍ക്കു നല്‍കുന്നതെന്നും പറഞ്ഞായിരുന്നു തട്ടിപ്പു നടത്തുന്നത്. ഗുണഭോക്തൃ വിഹിതം മുദ്ര പത്രം, സ്റ്റാമ്പു , എഗ്രിമെന്റ് ചെലവുകള്‍ ഉല്‍പ്പടെ പതിനായിരം മൂതല്‍ നാലു നാലു ലക്ഷം വരെ ഇവര്‍ ആളുകളില്‍ നിന്നും ഈടാക്കിയിരുന്നു. കൂടാതെ പണം ഇല്ലാത്തതവരില്‍ നിന്നും സ്വര്‍ണ്ണ ഉരുപ്പടികളും ഇവര്‍ വാങ്ങിയെടുത്തതായി പൊലീസ് അറിയിച്ചു.
ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതോടെ നിരവധി പേർ പരാതിയുമായി രംഗത്തെത്തി. ചൊവ്വാഴ്ച മാത്രം മൂന്നുപേര്‍ പരാതിയുമായി എത്തി. ഇതോടെ പരാതിക്കാരുടെ എണ്ണം 13ആയി ഉയർന്നു. 40ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിലയിരുത്തല്‍.