കോട്ടയം : സംസ്‌കരണ പ്ലാന്റുകൾ കാട് മൂടിയതോടെ നഗരത്തിലെ മൈതാനങ്ങൾ മാലിന്യത്തിൽ മുങ്ങി. നാഗമ്പടം പോപ്പ് മൈതാനത്തും മൈതാനത്തിന് എതിർ വശത്ത് ലോറി പാർക്ക് ചെയ്യുന്ന മൈതാനത്തുമാണ് മാലിന്യങ്ങൾ കുന്നുക്കൂടിക്കിടക്കുന്നത്. പോപ്പ് മൈതാനത്ത് മണ്ണെടുത്തും മറ്റും കുഴികൾ നിറഞ്ഞും കിടക്കുന്ന സ്ഥിതിയാണ്. ഇവിടെയാണ് ന ഗരസഭയുടെ തുമ്പൂർമുഴി പ്ലാന്റും സ്ഥിതി ചെയ്യുന്നത്. നിരവധി പരിപാടികൾ സംഘടിപ്പിക്കുന്ന മൈതാനം ശോച്യാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ അടുക്കി വെച്ചിരിക്കുകയാണ്. ലോറി പാർക്ക് ചെയ്യുന്ന മൈതാനത്തിന്റെ ഒരു ഭാഗം പൂർണ്ണമായും പേപ്പർ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. പഴയ പുസ്തകങ്ങൾ വിൽക്കുന്ന നിരവധി കടകളും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കഴിഞ്ഞ ക്രിസ്മസ് രാത്രിയിൽ മാലിന്യങ്ങൾക്ക് തീപിടിക്കുകയും പുസ്തകശാലകൾ അടക്കം കത്തിപ്പോകുകയും ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുയും ചെയ്തിരുന്നു.
@കാട് മൂടുന്ന ലക്ഷങ്ങൾ
നഗരസഭയുടെ 2013,14 ജനകീയാസൂത്രണ പദ്ധതി മുഖേനയാണ് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നാഗമ്പടം പോപ്പ് മൈതാനിയിൽ സ്ഥാപിച്ചത്. 2015ൽ അന്നത്തെ കായിക, വനം,ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ഉദ്ഘാടനം ചെയ്ത്. പിന്നീട്, പ്ലാന്റ് പ്രവർത്തനം മുടങ്ങുകയും കാട് മൂടിയ സ്ഥിതിയിലേക്ക് എത്തുകയായിരുന്നു. സംസ്‌കരണ പ്ലാൻുകൾ ഉണ്ടായിട്ടും മാലിന്യങ്ങൾ പലയിടത്തും കുന്നുകൂടുന്ന സ്ഥിതിയാണ്. പ്ലാന്റുകൾ പ്രവർത്തിച്ച് നഗരത്തെ മാലിന്യക്കയത്തിൽ നിന്നും കരകയറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.