മുണ്ടക്കയം: പ്രളയം നൽകിയ ദുരിതങ്ങൾക്കിടയിലും വിജയത്തിൽ ചുവട് പിഴയ്ക്കാതെ മലയോരമേഖലയിലെ സ്കൂളുകൾ. പ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ കൂട്ടിക്കൽ, കൊക്കയാർ, പഞ്ചായത്തുകളിലെ സ്കൂളുകളെല്ലാം തന്നെ 100 ശതമാനം വിജയം കൈവരിച്ചു. ഏന്തയാർ ജെ.ജെ മർഫി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ 144 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. 22 വിദ്യാർത്ഥികൾ ഫുൾ എ പ്ലസും, 18 വിദ്യാർത്ഥികൾ 9 എ പ്ലസും കരസ്ഥമാക്കി. തുടർച്ചയായി നാലാം തവണയാണ് സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കിയത്. കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ 110 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 18 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. കുറ്റിപ്ലാങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 13 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. തുടർച്ചയായ പതിനാലാം വർഷമാണ് സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കിയത്. മുക്കുളം സെന്റ് ജോർജ് ഹൈസ്കൂളും നൂറ് ശതമാനം വിജയം നേടി.