ഇളങ്ങുളം: സ്വകാര്യ പുരയിടത്തിൽ നിന്ന് വെട്ടിയിട്ട മരം എലിക്കുളം പഞ്ചായത്ത് 13-ാം വാർഡിൽ ഇളങ്ങുളം വടക്കുംഭാഗം അങ്കണവാടി കെട്ടിടത്തിലേക്ക് പതിച്ചു. മേൽക്കൂരയിലെ ഓടുകൾ തകർന്ന് ഉള്ളിൽ പതിച്ചെങ്കിലും കുട്ടികളും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപെട്ടു. ഓടുകൾ ചിതറി വീണ ഭാഗത്ത് കുട്ടികളില്ലാതിരുന്നത് അപകടമൊഴിവാക്കി. ഇന്നലെ 11.30ഓടെയാണ് സംഭവം. കെട്ടിടത്തിന് സമീപം റോഡിന് എതിർവശത്ത് സ്വകാര്യപുരയിടത്തിൽ നിന്ന മഹാഗണി മരമാണ് മുറിച്ചത്. ശിഖരങ്ങൾ മുറിച്ചുമാറ്റാതെ മരം വെട്ടിയിടാൻ ശ്രമിച്ചതിനാൽ കാറ്റിനനുസരിച്ച് ദിശമാറിയതാണ് കെട്ടിടത്തിലേക്ക് പതിക്കാൻ കാരണം. വൈദ്യുതിപോസ്റ്റ് തകർത്ത് ലൈനിൽ തങ്ങിയ നിലയിൽ കെട്ടിടത്തിന് മുകളിലേക്ക് വീണതിനാൽ കൂടുതൽ ആഘാതം മേൽക്കൂരയിലുണ്ടായില്ല. നേരിട്ട് മരം മേൽക്കൂരയിൽ വീണിരുന്നെങ്കിൽ തകർന്നുവീഴാൻ സാധ്യതയേറെയായിരുന്നു. മരം വീണതോടെ വൈദ്യുതി ലൈനുകൾ കൂട്ടിയിടിച്ച് തീപ്പൊരി ചിതറി വീഴുകയും ശബ്ദമുയരുകയും ചെയ്തതോടെ കുട്ടികളും ജീവനക്കാരും ഭയന്നു. ഇന്നലെ നാലുകുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് അങ്കണവാടിയിലെ ഉപകരണങ്ങൾ സമീപത്തെ കരയോഗ കെട്ടിടത്തിലേക്ക് മാറ്റി. താത്കാലികമായി ഇവിടെ പ്രവർത്തിക്കും. സംഭവമറിഞ്ഞ ഉടൻ തന്നെ പൊൻകുന്നം പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി
യിരുന്നു.