pina

കോട്ടയം. വെള്ളൂർ പേപ്പർ പ്രൊഡക്ട്‌സിന് വൈദുതി ലഭ്യമാക്കാൻ കെ എസ്.ഇ.ബിയുമായി പുതിയ കരാർ ഉണ്ടാക്കും. മന്ത്രി പി.രാജീവ്, മന്ത്രി കെ.കൃഷ്ണൻ കുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പേപ്പർ കമ്പനിയെ കേരള സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന് രൂപം നൽകിയ സാഹചര്യത്തിൽ, പഴയ കമ്പനിയായ എച്ച്.എൻ.എല്ലും കെ.എസ്.ഇ.ബിയുമായുള്ള മുൻ കരാർ അവസാനിച്ചു. പുതിയ കമ്പനിയുടെ പ്രവർത്തനത്തിനാണ് പുതിയ കരാർ. കെ.പി.പി.എല്ലും കെ.എസ്.ഇ.ബി.യും തമ്മിൽ രണ്ട് ഘട്ട കരാറുകളാണ് ഒപ്പുവയ്ക്കുക. പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്ന നിലവിലെ ഘട്ടം ഉൾക്കൊള്ളുന്ന ഒരു ഇടക്കാല കരാറിൽ ആദ്യം ഏർപ്പെടും. പിന്നീട്, പ്ലാന്റ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് തയ്യാറാകുമ്പോൾ, പരമാവധി ആവശ്യം പരിഗണിച്ച് പുതുക്കിയ കരാറിലും ഏർപ്പെടും.

ഒന്നാംഘട്ടം പൂർണം.

കെ.പി.പി.എൽ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി. പേപ്പർ മെഷീൻ പ്ലാന്റ്, ഡിഇൻകിംഗ് പ്ലാന്റ്, പവർ ബോയിലർ പ്ലാന്റുകൾ എന്നിവ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കാവുന്ന നിലയിലെത്തി. വുഡ് പൾപ്പിംഗ് സ്ട്രീമുകൾ കമ്മിഷൻ ചെയ്യുന്നതിനുള്ള രണ്ടാം ഘട്ടം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ മെക്കാനിക്കൽ പൾപ്പിംഗ് പ്ലാന്റ്, കെമിക്കൽ പൾപ്പിംഗ് പ്ലാന്റ്, കെമിക്കൽ റിക്കവറി പ്ലാന്റുകൾ എന്നിവ ഉത്പാദനത്തിന് തയ്യാറാകും. ഈ വർഷം ഒക്‌ടോബറോടെ പൂർണ്ണ തോതിലുള്ള വാണിജ്യ ഉത്പാദനം ആരംഭിക്കും. 154.4 കോടി രൂപയാണ് ആദ്യ രണ്ട് ഘട്ടങ്ങൾക്കായി ചെലവഴിക്കുന്നത്.

യോഗത്തിൽ വൈദ്യുതി ബോർഡ് ചെയർമാൻ ബി.അശോക്, കെ.പി.പി.എൽ സ്‌പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

വ്യവസായ മന്ത്രി പി.രാജീവ് പറയുന്നു.

ആവശ്യമായ മരവും അസംസ്‌കൃത വസ്തുക്കളും മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിന് വനംവകുപ്പുമായി തത്വത്തിൽ ധാരണയായി. ഇതു സംബന്ധിച്ച നിർദേശം ഉടൻ മന്ത്രിസഭയിൽ സമർപ്പിക്കും. സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാഴ്‌പേപ്പറും പൾപ്പ് ഉത്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായി മാറും. ഇതിനുള്ള നിർദ്ദേശം സർക്കാരിന്റെ സജീവ പരിഗണനയിലാണ്''