ഏറ്റുമാനൂർ: ഒടുവിൽ ഏറ്റുമാനൂരിലെ യാത്രക്കാർക്ക് ആശ്വാസവാർത്ത. ഏറ്റുമാനൂർ നഗരസഭ ബസ് സ്റ്റാൻഡ്
നവീകരണ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സഞ്ചാരയോഗ്യമല്ലാത്ത വിധത്തിൽ തകർന്നടിഞ്ഞ ബസ് സ്റ്റാന്റ് നവീകരിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ബസ് സ്റ്റേഷൻ യാർഡ്, പ്രവേശന കവാടങ്ങൾ എന്നിവയുടെ നിർമ്മാണ ജോലികൾക്കായി 40 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി നഗരസഭാ അധികൃതർ അറിയിച്ചു. ദിവസവും നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും എത്തുന്ന ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് നഗരസഭ ഏറെ പഴി കേട്ടിരുന്നു. നിലവിൽ സ്റ്റാൻഡ് പൂർണമായി തകർന്നതോടെ യാത്രക്കാരിൽ നിന്നും വലിയ പരാതിയാണ് ഉയരുന്നത്.

വെള്ളക്കെട്ട് പരിഹരിക്കും

ഒരു മഴ പെയ്താൽ സ്റ്റാൻഡ് കുളമാകുന്ന സാഹചര്യവുമുണ്ട്. വെള്ളം സുഗമമായി ഒഴുകിപോകാൻ സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും

നഗരസഭാ അധികൃതർ അറിയിച്ചു. സ്റ്റാൻഡ് തകരാൻ വെള്ളക്കെട്ട് പ്രധാന കാരണമായിരുന്നു.