കോടികൾ മുടക്കി നിർമ്മിച്ച ആശുപത്രി മന്ദിരം നോക്കുകുത്തിയായി

പൊൻകുന്നം: വെറും നോക്കുകുത്തിയാകാൻ എന്തിന് ഈ കെട്ടിടം പണിതുയർത്തു? കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാര്യത്തിൽ ചോദ്യങ്ങൾ ഒരുപാട് ബാക്കിയാവുകയാണ്. കോടികൾ മുടക്കി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായിട്ട് രണ്ടു വർഷം പിന്നിടുന്നു. പക്ഷേ പറിഞ്ഞിട്ടെന്ത് കാര്യം. കെട്ടിടം ഇപ്പോഴും പ്രവർത്തനസജ്ജമല്ലെന്ന് മാത്രം. പത്തു വർഷങ്ങൾക്കുമുമ്പാണ് കെട്ടിട നിർമ്മാണം ആംഭിച്ചത്. അവശേഷിക്കുന്നത് ഫയർ ആൻഡ് സേഫ്ടിയുടേയും ലിഫറ്റിന്റേയും നിർമ്മാണമാണ്. മൂന്നുമാസത്തിനകം ഇതിന്റെ നിർമ്മാണം പൂർത്തിയാകുമെന്നും പുതിയ മന്ദിരം ഉടൻ പ്രവർത്തന സജ്ജമാകുമെന്നുമാണ് സ്ഥലം എം.എൽ.എ കൂടിയായ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഒരു വർഷത്തോളമായി പറയുന്നത്. എന്ത് തന്നെയായാലും എല്ലാം പാഴ് വാക്കായെന്ന് മാത്രം. ഇവിടെ എല്ലാം ഉണ്ട് പക്ഷേ ഒന്നുമില്ലാത്തതിന് തുല്യമാണ്.ആവശ്യത്തിന് ഡോക്ടർമാരില്ല,ജീവനക്കാരില്ല.ആശുപത്രിവളപ്പിലുളള നീതിസ്റ്റോറിൽ മരുന്നുകളില്ല. എക്‌സറേ യുണിറ്റും ലാബും ഓപ്പറേഷൻ തിയേറ്ററും പ്രവർത്തിക്കുന്നില്ല. ആംബുലൻസുകൾ പലപ്പോഴും കട്ടപ്പുറത്ത്... ജനറൽ ആശുപത്രിയുടെ കാര്യത്തിൽ പരാതികളുടെ നിര ഇനിയും നീളുകയാണ്.

ഇതൊന്നും ആരും കാണില്ല!

കിഴക്കൻ കേരളത്തിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണിത്. 142 ബഡ്ഡുകളാണ് ഇവിടെയുള്ളത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച് മിക്കബഡ്ഡുകളിലും ഒന്നിലധികം രോഗികൾ കിടക്കുന്ന കാഴ്ചയാണ് കാണുന്നത്.ഇതു കൂടാതെ നിലത്തും വരാന്തയിലും കിടക്കുന്നവരുമുണ്ട്. സ്ഥലപരിമിതി വലിയ പ്രതിസന്ധിയായിട്ടും പുതിയ കെട്ടിടം എന്തുകൊണ്ട് തുറക്കുന്നില്ല എന്നാണ് രോഗികളുടെ ചോദ്യം.


ചിത്രം- കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയൽ പണി പൂർത്തിയായ പുതിയ മന്ദിരം.