വൈക്കം : ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയായ ലോക കേരള സഭയിൽ ഇടം നേടി മറവൻതുരുത്ത് സ്വദേശിയും. മുംബൈയിൽ വ്യവസായ പ്രമുഖനായ വി.കെ മുരളീധരനാണ് നാടിന് അഭിമാനമായി മാറിയത്. വി കെ എം ഗ്രൂപ്പ് ഉടമയും പ്രമുഖ സീ ഫുഡ് എക്‌സ്‌പോർട്ടറും റോയൽ റെസ്റ്റോയി ഹോട്ടൽ ശൃംഖലകളുടെ ഉടമയുമാണ് മുരളീധരൻ. ദീർഘകാലമായി മുംബൈയിലും ഗുജറാത്തിലുമായി ബിസിനസ് ചെയ്തുവരികയാണ് ഇദ്ദേഹം. മലയാളി അസോസിയേഷനടക്കം വിവിധ സംഘടനകളുടെ നേതൃപദവി അലങ്കരിക്കുന്നുണ്ട്. കേരളത്തിൽ വലിയ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചർച്ചകൾ നടക്കുന്നതിനിടെയാണ് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കുന്നത്. പ്രളയത്തിലും , കൊവിഡ് മഹാമാരി സമയത്തും മറവൻതുരുത്തിന് സഹായവുമായി എത്തിയിരുന്നു. ലോക് ഡൗൺ കാലത്ത് അഭയത്തിന്റെ നേതൃത്വത്തിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തപ്പോൾ മുരളീധരന്റെ ഉടമസ്ഥതയിലുള്ള പുഴയോരം ഹോട്ടലിന്റെ അടുക്കള പൂർണമായും വിട്ടുനൽകിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.