ഗതാഗതക്കുരുക്കിൽ നിന്ന് മോചനമില്ലാതെ കോട്ടയം നഗരം

കോട്ടയം: ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ?​ കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെടുന്നവരുടെ പതിവ് ചോദ്യമാണ്. വല്ലാത്ത ദുരിതം തന്നെ. പകൽസമയം കോട്ടയം നഗരത്തിലേക്ക് വാഹനവുമായി എത്താൻ കഴിയാത്ത അവസ്ഥ. നഗരത്തിലെ കുരുക്ക് എന്ന അഴിയുമെന്ന ചോദ്യം മാത്രം ബാക്കി. കെ.കെ റോഡ്, ടി.ബി റോഡ്, സെൻട്രൽ ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ, ലോഗോസ്, കഞ്ഞിക്കുഴി തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. നഗരത്തിലെ വിവിധഭാഗങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് ഉച്ചയ്ക്ക് ശേഷവും തുടരുന്ന സാഹചര്യമായിരുന്നു. പ്രധാന റോഡുകളിൽ എല്ലാം തന്നെ പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതനിയന്ത്രണം നടത്തുന്നുണ്ടെങ്കിലും കുരുക്ക് അഴിക്കാൻ പെടാപ്പാടുപെട്ടു. വാഹനത്തിരക്ക് മൂലം ഒന്ന് റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രികരും നന്നേപാടുപെട്ടു.

ട്രിപ്പ് താളംതെറ്റി

സ്വകാര്യബസുകളുടെ ട്രിപ്പ് സമയവും ഗതാഗതക്കുരുക്കിൽ താളംതെറ്റി. നിരവധി ബസുകൾ ഏറെനേരം കുരുക്കിൽപ്പെട്ടു. ആംബുലൻസുകൾ പോലും സെൻട്രൽ ജംഗ്ഷനിൽ പെട്ടുപോകുന്നതും പതിവ് കാഴ്ചയായി മാറുകയാണ്.