പാലാ: കൊഴുവനാൽ പഞ്ചായത്തിലെ തോടുകളിൽ ഇനി തെളിനീരൊഴുകും. പഞ്ചായത്തിലെ പ്രധാനപ്പെട്ട മൂന്ന് തോടുകൾ നവീകരിക്കുന്ന തെളിനീർതോട് പദ്ധതിക്ക് തുടക്കം കുറിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് നിമ്മിൾ ട്വിങ്കിൾ രാജും ടൗൺ വാർഡ് മെമ്പർ പി.സി ജോസഫും അറിയിച്ചു. സംസ്ഥാന ജലസേചനവകുപ്പിന്റെ സഹകരണത്തോടെയാണ് തെളിനീർതോട് പദ്ധതി നടപ്പാക്കുന്നത്.
തെളിനീർതോട് പദ്ധതിയുടെ ആദ്യഘട്ടമായി പതിനൊന്നാം വാർഡിലെ തമ്പഴഅറയ്ക്കൽ തോട്ടിലെ മാലിന്യം ജെ.സി.ബി ഉയോഗിച്ച് നീക്കിത്തുടങ്ങി. മേവട കൊച്ചുതോടും ചേർപ്പുങ്കൽ തുരുത്തിക്കുഴി തോടും മേവട മാളോലകടവും പദ്ധതിയിൽ പുനരുദ്ധരിക്കും. തോടുകളിൽ എക്കലും ചെളിയും നിറഞ്ഞ് ആഴം കുറഞ്ഞതോടെ ഒറ്റമഴയിൽ പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് പതിവായിരുന്നു. വെള്ളപ്പൊക്കം മൂലം പാടശേഖരസമിതിക്ക് നെൽകൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയുമായി. പ്രദേശവാസികളുടെ ഏറെക്കാലമായുള്ള അപേക്ഷ പരിഗണിച്ചാണ് തോടുകൾ നവീകരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
 3 ലക്ഷം അനുവദിച്ചു
തമ്പഴഅറയ്ക്കൽ തോട്ടിലെ മാലിന്യം നീക്കുന്നതിന് സംസ്ഥാന ജലസേചന വകുപ്പ് മൂന്ന് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടൗൺ വാർഡ് മെമ്പർ പി.സി ജോസഫാണ് തോട് നവീകരണ ആശയം ആദ്യമായി പഞ്ചായത്ത് കമ്മറ്റിയിൽ ഉന്നയിച്ചത്. ഇതിനെ എല്ലാ അംഗങ്ങളും പിന്തുണച്ചു. പഞ്ചായത്ത് സമതിയുടെ നിവേദനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ എന്നിവർക്ക് നൽകിയിരുന്നു. തമ്പഴതോട്ടിൽ തെളിനീർതോട് പദ്ധതിയുടെ പുനരുദ്ധാരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് നിർവഹിച്ചു. ടൗൺ വാർഡ് മെമ്പർ പി.സി ജോസഫ് ജലസേചന വകുപ്പ് അസി. എൻജിനീയർ ദീപു തുടങ്ങിയവർ പങ്കെടുത്തു.