മുണ്ടക്കയം : പ്രായം 60 ആയി. അതിന്റേതായ അവശതകൾ ഈ പാലത്തെയും ബാധിച്ച് തുടങ്ങി. പക്ഷെ അത് ഒരു ദുരന്തത്തിന് ഇടവരുത്തുമോയെന്ന ആശങ്കയിലാണ് ജനം. കാലപ്പഴക്കത്താൽ ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ് കോരുത്തോട് മന്നം പാലം. വശങ്ങൾ ഇടിഞ്ഞു തുടങ്ങി. നിലവിലെ റോഡ് ആധുനികരീതിയിൽ ടാറിംഗ് നടത്തിയെങ്കിലും അപകടാവസ്ഥയിലായ പാലം പുനർനിർമ്മിക്കാൻ നടപടി ഉണ്ടായിട്ടില്ല. ശബരിമല സീസൺ കാലത്തും, മലയാള മാസം ഒന്നാം തീയതിയും നിരവധി തീർത്ഥാടക വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലത്തിന്റെ തൂണിന്റെ അടിവശത്തെ കല്ലുകൾ ഇളകിയ നിലയിലാണ്. കഴിഞ്ഞ പ്രളയത്തിൽ കുത്തി ഒഴുകിയെത്തിയ മഴവെള്ളം പാലത്തിന്റെ മുകളിലൂടെയാണ് ഒഴുകിയത്. ഇനി ഒരു കനത്തമഴ പോലും പാലത്തിന് അതിജീവിക്കാൻ കഴിയുമോ എന്നതാണ് ആശങ്ക. ദിവസേന 25 ലധികം ബസ് സർവീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇപ്പോഴും ഇതുവഴിയാണ് പോകുന്നത്. സ്കൂൾ തുറന്നതോടെ കുട്ടികളുമായി സ്കൂൾ ബസും കടന്ന് പോകുന്നത് ആശങ്ക ഇരട്ടിയാക്കുകയാണ്. സമരത്തിനൊരുങ്ങി നാട്ടുകാർ പൊതുമരാമത്ത് വകുപ്പും, ജനപ്രതിനിധികളും ഉണർന്ന് പ്രവർത്തിച്ച് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി സമരത്തിന് ഇറങ്ങാനുഉള്ള തയ്യാറെടുപ്പിലാണ്.