കെ.കെ റോഡിൽ കഞ്ഞിക്കുഴി കവലയിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവ്

കോട്ടയം: വാരിക്കുഴി,​ അതും റോഡിന്റെ ഒത്തനടുക്ക്. അപകടം ഇവിടെ തുറിച്ചുനോക്കുകയാണ്. കെ.കെ റോഡിൽ കഞ്ഞിക്കുഴി കവലയിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. താത്ക്കാലികമായി അടച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വീണ്ടും കുഴി രൂപപ്പെട്ടു. കഞ്ഞിക്കുഴി ട്രാഫിക് ഐലന്റിനും കഞ്ഞിക്കുഴി ബസ് സ്റ്റോപ്പിനും മധ്യഭാഗത്തായാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ചെറുതും വലുതുമായ നിരവധി കുഴികളുണ്ട്. അപകടസാധ്യത ചൂണ്ടിക്കാട്ടി ഇതിനകം നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.

രാത്രി കാലങ്ങളിൽ കടന്നു പോകുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നത് പതിവാണ്. കുഴി ഒഴിവാക്കി സഞ്ചരിക്കുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടം സംഭവിക്കുന്നുണ്ട്.

കണ്ണുതെറ്റരുത്

അപകടങ്ങൾ പതിവായതിനെ തുടർന്ന് കുഴിയിൽ വാഴനട്ട് മണ്ണും കല്ലുമിട്ട് മൂടിയിരുന്നു. റോഡ് ട്രാഫിക് നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഉപകരണം കുഴിയ്ക്ക് സമീപത്തായി താത്ക്കാലികമായി സ്ഥാപിച്ചാണ് അപകടമുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഞ്ഞിക്കുഴി മുതൽ കളക്ട്രേറ്റ് ഭാഗം വരെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുൻവശം, കഞ്ഞിക്കുഴി മരച്ചുവട്, പ്ലാന്റേഷൻ ഭാഗം എന്നിവിടങ്ങളിൽ രൂപപ്പെട്ട കുഴികൾ താത്ക്കാലികമായി അടച്ച് അധികൃതർ തടിതപ്പി.