പൊൻകുന്നം : വിവിധ ആവശ്യങ്ങൾക്കെത്തുന്ന ഇടപാടുകാരെ കഷ്ടത്തിലാക്കി മിനി സിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങൾ അടച്ചുപൂട്ടി. ട്രഷറി, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, മോട്ടോർ വാഹന വകുപ്പ് ഓഫീസ് തുടങ്ങി 15 ഓഫീസുകളാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. പ്രായമായവരും സ്ത്രീകളുമടക്കം ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്നത്. മണിക്കൂറുകൾ കാത്തുനിന്നെങ്കിലേ വന്ന കാര്യം സാധിച്ച് മടങ്ങാനാകൂ. ഇവർക്കുവേണ്ടി ഓരോ നിലയിലും ശൗചാലയങ്ങൾ ഉണ്ടെങ്കിലും മാസങ്ങളായി എല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റണേൽ സമീപത്തെ വ്യാപാരസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പലരും.

നടത്തിപ്പ് കമ്മിറ്റിയൊക്കെ കോമഡി

പുരുഷന്മാരുടെ ശൗചാലയത്തിന്റെ വാതിൽ തകർന്ന നിലയിലാണ്. സിവിൽ സ്റ്റേഷൻ നടത്തിപ്പിനായി ഉദ്യോഗസ്ഥ തലത്തിൽ ഒരു കമ്മിറ്റിയുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. ബന്ധപ്പെട്ട ജനപ്രതിനിധികൾ അടിയന്തിരമായി ഇടപെട്ട് ശൗചാലയങ്ങൾ തുറക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.