പൊൻകുന്നം : മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ അനധികൃത പാർക്കിംഗിനെതിരെ നടപടി തുടങ്ങി. ആർക്കും ഏതുനേരത്തും കയറിയിറങ്ങാവുന്ന രീതിയിൽ രാവും പകലും ഒരുപോലെ തുറന്നു കിടന്നിരുന്ന വാതിലുകൾ ഓഫീസ് സമയത്തിനുശേഷം പൂട്ടാൻ തീരുമാനമായി. രാവിലെ 9.45 മുതൽ വൈകിട്ട് 5.30 വരെയാണ് വാഹനങ്ങൾക്ക് പ്രവേശനം.അംഗീകൃത സമയങ്ങളിലല്ലാതെയും അനധികൃതമായും പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു. മറ്റ് ആവശ്യങ്ങൾക്കായി പട്ടണത്തിലെത്തുന്നവരുടെ വാഹനങ്ങൾ മണിക്കൂറുകളോളം ഇവിടെ അനധികൃതമായി പാർക്ക് ചെയ്യുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി.