പാലാ : പുസ്തകങ്ങളും പത്രങ്ങളും വായിക്കുമ്പോഴുള്ള ഒരു വായനാസുഖവും അനുഭൂതിയും പുതിയ ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ വായനയിൽ ലഭിക്കുന്നില്ലെന്ന് സാഹിത്യകാരി സിജിത അനിൽ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യ ഓരോ ദിനവും വളർച്ചയിലാണ്. ലോകത്തെ ഏത് കാര്യവും വിരൽത്തുമ്പിലൂടെ നമ്മുടെ സ്മാർട്ട് ഫോണിലെത്തും. എന്നാൽ ഇതിനൊക്കെ അപ്പുറം ഒരു പുസ്തകമോ പത്രങ്ങളോ ഒക്കെ നേരിട്ട് വായിക്കുമ്പോഴുള്ള ഒരു അനുഭവം ഇത്തരം ഡിജിറ്റൽ മാദ്ധ്യമങ്ങൾക്ക് നൽകാൻ കഴിയുന്നില്ലെന്നും അവർ തുടർന്നു. വായന ദിനാചരണഭാഗമായി സമഭാവന കൂട്ടായ്മ സംഘടിപ്പിച്ച വായനോത്സവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സിജിത. സന്തോഷ് എം. പാറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.രവീന്ദ്രൻ മൂന്നിലവ് മുഖ്യപ്രഭാഷണം നടത്തി. ബിന്ദു സജി മനത്താനം, കുമാരി ഭാസ്‌കരൻ മല്ലികശ്ശേരി, രവീന്ദ്രൻ കൊമ്പനാൽ, സലിജ സലിം ഇല്ലിമൂട്ടിൽ, അനു വിപിൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു. വർഷങ്ങൾക്ക് മുമ്പ് പി.എൻ. പണിക്കർ ആകാശവാണിയിലൂടെ നടത്തിയ അഭിമുഖത്തിന്റെ സംപ്രേഷണവുമുണ്ടായിരുന്നു.