kali

കോട്ടയം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കന്നുകാലികളിൽ ചർമ മുഴ രോഗം (ലംബി സ്‌കിൻ ഡിസീസ്) പടരുന്നു. അപകടകാരിയല്ലെങ്കിലും പെട്ടെന്ന് വ്യാപിക്കാനിടയുള്ള രോഗമാണ്. വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ പുതുവേലി, കാഞ്ഞിരമല, താമരക്കാട് എന്നിവിടങ്ങളിലും ഏറ്റുമാനൂർ, കാണക്കാരി, അതിരമ്പുഴ, മണിമല എന്നിവിടങ്ങളിലുമാണ് പശുക്കളിൽ ചർമമുഴ കണ്ടെത്തിയത്. മനുഷ്യനിൽ ചിക്കൻ പോക്‌സിന് സമാനമായ രീതിയിൽ മൃഗങ്ങളുടെ ചർമത്തിൽ മുഴ രൂപപ്പെടുന്നതാണ് രോഗം. വസൂരി ഇനത്തിൽപ്പെട്ട വൈറസുകൾ മൂലമാണ് ഇതുണ്ടാകുന്നത് . രോഗബാധയുള്ള കന്നുകാലികളെ കൊതുക്, ഈച്ച, ചെള്ള്, മറ്റു പ്രാണികൾ തുടങ്ങിയവ കടിക്കുന്നത് മൂലം മറ്റ് കാലികളിലേക്കും വ്യാപിക്കും.

ശരീരത്തിൽ ചെറുതും വലുതുമായ മുഴകളും പനിയും അനുഭവപ്പെടുന്നതാണ് രോഗലക്ഷണം. കന്നുകാലികൾക്ക് ക്ഷീണവും അനുഭവപ്പെടും. തീറ്റയെടുക്കുന്നതിന് ബുദ്ധിമുട്ടും, പാലിന്റെ അളവിലും കുറവ് വരാം. വൈറസ് മൂലം ഉണ്ടാകുന്ന അസുഖമായതിനാൽ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സ മാത്രമേ ലഭ്യമായിട്ടുള്ളൂ. അസുഖംകൊണ്ട് പശുവിന് ആന്തരികമായി പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ല. ചർമമുഴ പൊട്ടി പിന്നീട് ഉണങ്ങിപ്പോകുകയാണ് ചെയ്യുക. സാധാരണഗതിയിൽ രണ്ട് മൂന്നു ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കും. ഈ രോഗത്തിന്റെ വ്യാപന നിരക്ക് 10 മുതൽ 20 ശതമാനം വരെയും മരണനിരക്ക് ഒന്നു മുതൽ 5 ശതമാനം വരെയുമാണ്. കന്നുകാലികളിൽ ചർമമുഴ വന്നാൽ കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത് ഗുരുതരമായ രോഗമല്ലെന്നും വെറ്ററിനറി ഡോക്ടർ ബിജു പറഞ്ഞു.

ക്ഷീര സെൽ ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറയുന്നു.

മുൻപ് ചർമമുഴ പോലുള്ള അസുഖങ്ങൾ ഇവിടത്തെ കന്നുകാലികളിൽ ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടിൽ നിന്നും മറ്റും കന്നുകാലികളെ കൊണ്ടുവരാൻ തുടങ്ങിയതോടെയാണ് ഇത് വ്യാപിക്കാൻ തുടങ്ങിയത്.