ചങ്ങനാശേരി : ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴ്ന്ന 13 കാരനെ 17കാരൻ അത്ഭുതകരമായി രക്ഷപ്പെടുത്തി. തൃക്കൊടിത്താനം മാലൂർക്കാവ് ദേവിക്ഷേത്രത്തിലെ കുളത്തിൽ ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ആരമലയിൽ താമസിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ 5 പേരാണ് കുളിക്കാനെത്തിയത്. ആഴമേറിയ കുളത്തിൽ മൂന്നു പേർ ഇറങ്ങി. ഒരാൾ മുങ്ങിത്താഴുന്നത് കണ്ടു കൂട്ടത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളം കേട്ട് സമീപത്ത് കളിച്ചുകൊണ്ടിരുന്ന തെക്കേപ്പറമ്പിൽ ടി.ആർ കൃഷ്ണകുമാറിന്റെ മകൻ ആദിത്യ കൃഷ്ണൻ (അപ്പു) കുളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് കുട്ടിയെ കരയിലേക്ക് വലിച്ചു കയറ്റി രക്ഷപ്പെടുത്തി. ചങ്ങനാശേരി എസ്.എച്ച് സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ആദിത്യ കൃഷ്ണൻ. 23 വർഷം മുൻപ് ആദിത്യ കൃഷ്ണന്റെ പിതാവ് കൃഷ്ണകുമാർ ഒരു കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്ന് മുങ്ങി എടുത്തിരുന്നു.