monkey

കുമരകം. കുമരകം കാണാനെത്തിയ ഹനുമാൻ കുരങ്ങ് നാട്ടുകാർക്ക് കൗതുകമായി. ആറ്റാമംഗലം പള്ളിയിലും പെട്രോൾ പമ്പിലുമൊക്കെയായി കറങ്ങിനടന്ന കുരങ്ങ് ഉച്ചയോടെ കണ്ണാടിച്ചാൽ ടി.കെ യുടെ ചായക്കടയിലെ അലമാരയിലേയ്ക്ക് നോക്കിയിരുപ്പായി. പിന്നീട് കുമരകം റോഡിലൂടെ പറിഞ്ഞാറോട്ട് നീങ്ങി. കഴിഞ്ഞ ദിവസം കോട്ടയത്തും ഇവൻ പ്രത്യക്ഷപ്പെട്ടിരുന്നു.

ചാരനിറവും കറുത്ത മുഖവും മൂന്നടിയോളം നീളമുള്ള വാലും 20 കിലോഗ്രാം വരെ തൂക്കവുമുണ്ടാകും ഇവയ്ക്ക്. പഴങ്ങളും പൂക്കളുമാണ് പ്രധാന ഭക്ഷണം. സഹ്യപർവ്വത നിരകളിലും സൈലന്റ് വാലിയിലുമൊക്കെ കണ്ടുവരുന്ന ഹനുമാൻ കുരങ്ങിന് കോമൺ ലാംഗർ എന്നും പേരുണ്ട്.