പാലാ : മാലിന്യം നീക്കാത്തത് മൂലം നഗരസഭ പ്രദേശങ്ങൾ ചീഞ്ഞുനാറുകയാണെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ അഭിപ്രായത്തിന് ഭരണപക്ഷത്തിന്റെ വെല്ലുവിളി. ഇന്നലെ ചേർന്ന പാലാ നഗരസഭ കൗൺസിൽ യോഗത്തിലാണ് ചീഞ്ഞുനാറുന്ന പ്രദേശം എവിടെയാണെന്ന് ഒന്നു കാണിച്ചുതരാമോയെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ഭരണപക്ഷത്തെ അഡ്വ. ബിനു പുളിക്കക്കണ്ടം എന്നിവർ വെല്ലുവിളിച്ചത്. എന്നാൽ ജനറൽ ആശുപത്രിയുടെ ഒ.പി വരെ വന്നാൽ ചീഞ്ഞുനാറുന്ന സ്ഥലം നേരിട്ട് കാണിക്കാമെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ഇന്ന് ആശുപത്രി വികസന സമിതി യോഗം ചേരുമ്പോൾ പ്രതിപക്ഷ നേതാവ് പറഞ്ഞ സ്ഥലത്ത് നേരിട്ടെത്താമെന്നായി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ.

ഖര മാലിന്യ നിർമ്മാർജ്ജന പദ്ധതി വേണ്ടവിധം നടപ്പാക്കാത്തതിനെതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പാലാ നഗരസഭയോട് 23 ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായുള്ള കേരളകൗമുദി വാർത്ത യോഗത്തിൽ ചർച്ചയായി. ഇത് രണ്ട് മാസം മുമ്പ് നടന്ന സംഭവമാണെന്നായിരുന്നു ചെയർമാൻ ആന്റോ ജോസിന്റെ വിശദീകരണം. കേരളത്തിലെ എല്ലാ നഗരസഭകൾക്കും കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിരുന്നു.ഖര മാലിന്യ നിർമ്മാർജ്ജനത്തിനായി യി എല്ലാ വാർഡിലും മിനി എം.സി.എഫ് നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധവുമായി കറുപ്പണിഞ്ഞ് പ്രതിപക്ഷം

നഗരസഭ കൗൺസിൽ യോഗങ്ങളിൽ ചെയർമാൻ ഏകാധിപത്യ നടപടിയാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷാംഗങ്ങളുടെ വാക്കുകളെ കേൾക്കാൻപോലും തയ്യാറാകുന്നില്ലെന്നും ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ കറുത്ത വസ്ത്രമണിഞ്ഞാണെത്തിയത്. കറുപ്പണിഞ്ഞ് വരുന്നത് ശരിയായ നടപടിയല്ലെന്നും നേരത്തെ അറിയിച്ചിരുന്നെങ്കിൽ താനും കറുപ്പണിഞ്ഞ് വന്നേനെയെന്നും ചെയർമാൻ പറഞ്ഞു. കറുപ്പ് നമുക്ക് യൂണിഫോം ആക്കിമാറ്റാമായിരുന്നുവെന്നും ചെയർമാൻ പരിഹസിച്ചു.