കോട്ടയം : അധികാര വികേന്ദ്രീകരണം അർഥപൂർണമാക്കാൻ തദേശസ്ഥാപനങ്ങൾക്ക് കഴിഞ്ഞെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തന മികവ് കൈവരിച്ച ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച 'സമന്വയം 2022' പരിപാടി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയോജനവും ഏകോപനവും പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും ഊർജ്വസ്വലത കൈവരിക്കുന്നതിന് സഹായകമായി. കഴിഞ്ഞ സാമ്പത്തിക വർഷം വാർഷിക പദ്ധതിത്തുക 100 ശതമാനം ചെലവഴിച്ച വൈക്കം നഗരസഭ, ഉഴവൂർ, മാടപ്പള്ളി, ളാലം, വാഴൂർ, പാമ്പാടി, ഈരാറ്റുപേട്ട എന്നീ ബ്ലോക്ക് പഞ്ചായത്തുകളെയും 22 ഗ്രാമപഞ്ചായത്തുകളെയും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനതെത്തിയ ജില്ലാ പഞ്ചായത്തിനെയും ഫലകം, സർട്ടിഫിക്കറ്റ് എന്നിവ നൽകി ആദരിച്ചു. ജില്ലയിൽ വസ്തു നികുതി പിരിവിൽ 100 ശതമാനം നേട്ടം കൈവരിച്ച എട്ടു പഞ്ചായത്തുകൾ, മേൽനോട്ടം വഹിച്ച വാർഡംഗം, വാർഡ് ക്ലർക്ക്, നിർവഹണ ഉദ്യോഗസ്ഥർ,സംസ്ഥാനജില്ലാ തലത്തിൽ മികച്ച നേട്ടം കൈവരിച്ച സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവരെയും ആദരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ചെലവഴിച്ചതിന് ദാരിദ്യ ലഘൂകരണം വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോയ്ക്ക് പുരസ്‌കാരം നൽകി.