ഏറ്റുമാനൂർ : വിവാദ നഗരസഭഭൂമി ഇന്ന് അളന്ന് തിരിക്കാനിരിക്കെ ഇന്നലെ വിജിലൻസിന്റെ മിന്നൽ പരിശോധന. വില്ലേജ് ഓഫീസിലും നഗരസഭയുടെ വക ഭൂമി കൈയേറിയെന്ന് ആരോപിക്കുന്ന സെൻട്രൽ ജംഗ്ഷനിലെ സ്ഥാപനങ്ങളിലും വിജിലൻസ് സംഘം പരിശോധനടത്തി. നഗരസഭ ഓഫീസ് സമുച്ചയവും പ്രൈവറ്റ് സ്റ്റാൻഡും മത്സ്യ മാർക്കറ്റും അടങ്ങുന്ന ഭൂമി വില്ലേജ് രേഖകൾ അനുസരിച്ച് റീസർവേ 15 പ്രകാരം പുറംപോക്കാണെന്നും ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ നഗരസഭയ്ക്ക് രേഖ ഇല്ലെന്നുമാണ് ആക്ഷേപം. ഈ സ്ഥലത്തിന് നഗരസഭ വില്ലേജിൽ കരം ഒടുക്കുന്നില്ലെന്നും പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തി. എം.സി റോഡിനോട് ചേർന്ന് റീസർവെ 16ൽ പ്പെട്ട ഭൂമി അവിടെയുളള വ്യാപാരികൾക്ക് പതിച്ചു കൊടുത്തുള്ളതായുള്ള രേഖകളുണ്ട്.
ഹൈക്കോടതിയുടെയും ട്രൈബ്യൂണലിന്റെയും വിധി, ജില്ലാ കളക്ടറുടെ ഉത്തരവ്, താലൂക്ക് സർവ്വേകൾ, വില്ലേജ് രേഖകൾ കെ.എസ്.ടി.പി രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിവാദ ഭൂമിയിലിരിക്കുന്ന കെട്ടിടം നഗരസഭാ സെക്രട്ടറി 'ജമ' മാറ്റി നൽകുകയും കെട്ടിടം നവീകരിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. എം.സി റോഡ് വികസനത്തിന് സ്ഥലം നൽകിയ ശേഷം മിച്ചം വന്ന കെട്ടിടഭാഗമാണ് നവീകരിക്കാൻ അനുമതി നൽകിയത്. ഇതിൽ അഴിമതിയുണ്ടന്ന ചില കൗൺസിലർമാരുടെ വാദത്തേത്തുടർന്നാണ് ഇന്ന് സ്ഥലം അളക്കാൻ തീരുമാനിച്ചത്. ഒരു രേഖയുമില്ലാതെ റീസർവ്വേ 15 ൽ പെട്ട പുറം പോക്കായിക്കിടക്കുന്ന ഭൂമി കൈവശം വച്ചനുഭവിക്കുന്ന നഗരസഭ സർക്കാരിൽ നിന്നും പട്ടയം ലഭിച്ച വ്യക്തികളുടെ ഭൂമി കയ്യേറാൻ ശ്രമിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.

വ്യാപാരികൾ കൈയ്യടക്കി വച്ചിരിക്കുന്ന ഭൂമി അനധികൃതമാണന്നാണ് നഗരസഭ കൗൺസിൽ നിലപാടെങ്കിൽ
പട്ടയം നൽകിയ കളക്ടറേയും ആധാരം ചെയ്തു നൽകിയ സബ് രജിസ്ട്രാറേയും പോക്ക് വരവ് ചെയ്ത് കരം കെട്ടി നൽകിയ വില്ലേജ് അധികൃതരേയും കുറ്റക്കാരുടെ പട്ടികയിൽ പെടുത്തി നടപടി സ്വീകരിക്കുവാൻ നഗരസഭ തയ്യാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ചില വ്യാപാരികൾ റിസർവേ 15ൽ പ്പെട്ട ഭൂമി കൈയ്യേറിയിട്ടുടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇന്ന് കൃത്യമായി സ്ഥലം അളന്നു തിട്ടപ്പെടുത്തി ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.