പൊൻകുന്നം: സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് 22, 23 തീയതികളിൽ വനിതാ സംരംഭകത്വ ശില്പശാല നടത്തും. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുത്തപ്പെട്ട 200 വനിതകൾക്കായാണ് ശില്പശാല. പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററിലെ ലൈവ് ലി ഹുഡ് ഡിവിഷൻ കോഓർഡിനേറ്റർ എ.കെ മാത്യു ശില്പശാലയ്ക്ക് നേതൃത്വം നൽകും. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കീഴിൽ അട്ടിക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സയൻസ് സെന്ററാണ് ശില്പശാലയ്ക്കാവശ്യമായ സാങ്കേതിക സഹായം നൽകുന്നത്. വനിതകൾക്ക് ഒറ്റയ്ക്കും കൂട്ടായും നടത്താവുന്ന വ്യവസായങ്ങൾ, കുടുംബാധ്വാനം ഉപയോഗിക്കാവുന്ന യൂണിറ്റുകൾ, കാർഷികാധിഷ്ഠിത സംരംഭങ്ങൾ, തദ്ദേശീയമായ അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം, വായ്പാ സൗകര്യങ്ങളുടെ ലഭ്യത എന്നീ ഘടകങ്ങളിൽ ഊന്നിക്കൊണ്ട് വനിതകളുടെ സംരംഭകത്വ സാധ്യതകൾ വിലയിരുത്തുക എന്നതാണ് ശില്പശാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ അറിയിച്ചു.